Join News @ Iritty Whats App Group

കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം തടയണം, ഹൈക്കോടതിയിൽ ഹർജികൾ; അടിയന്തര സ്റ്റേ അനുവദിച്ചില്ല



കൊച്ചി : ദ കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹർജി. സിനിമയുടെ പ്രദർശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതൽപര്യ ഹർജി കോടതിയിൽ സമർപ്പിക്കപ്പെട്ടത്. 
ഹർജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച്, ഹർജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സിനിമയിലെ വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യണം, സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നതടക്കമാണ് ഹർജിയിലെ ആവശ്യം. സിനിമക്ക് സെൻസർ ബോർഡിന്റെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപെടുത്തുന്ന രീതിയിലുള്ളതാണെന്നും നിലവിൽ 10 രംഗങ്ങൾ മാത്രമെ സെൻസർ ബോർഡ്‌ നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. 

ടീസറിലെ പരാമർശങ്ങൾ സിനിമയുടെ പൂർണ്ണമായ ഉദ്ദേശമായി കണക്കാക്കാനാക്കുമോയെന്ന് ചോദിച്ച കോടതി, ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്നും സിനിമ കണ്ടിട്ടില്ലല്ലോയെന്നും ഹർജിക്കാരനോട് കോടതി ആരാഞ്ഞു. ടീസറിനെതിരെയാണ് ആരോപണമെന്നും ചിത്രത്തിനെതിരെ ഹർജിക്കാരൻ ആരോപണം ഉന്നയിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ചിത്രം കണ്ടിട്ടില്ലെന്നത് ഹർജിക്കാരൻ സമ്മതിക്കുന്നതായും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. 

വിവാദങ്ങൾക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവർത്തകർ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group