Join News @ Iritty Whats App Group

'കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല... ഇത് മതേതര കേരളം'; ഹൈക്കോടതി



കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി. ഇത് ചരിത്രപരമായ സിനിമ അല്ലല്ലോ എന്നും കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രം സ്വീകരിച്ചോളുമെന്നും ഹൈക്കോടതി പറഞ്ഞു.

കേരള സ്‌റ്റോറി പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആണ് ഹാജരായത്. സിനിമയുടെ ട്രെയിലര്‍ എങ്ങനെയാണ് സമൂഹത്തിന് എതിരാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. നിയമാനുസൃത സംവിധാനത്തിലൂടെ ഇതിന്റെ പരിശോധന കഴിഞ്ഞതാണ്. സെന്‍സര്‍ ബോര്‍ഡ് ചിത്രം വിലയിരുത്തിയതാണ്. ഈ ഒരു സാഹചര്യത്തില്‍ എന്താണ് കുഴപ്പം എന്നാണ് കോടതി ചോദിക്കുന്നത്.

മാത്രമല്ല കേരള സ്‌റ്റോറി ചരിത്രപരമായ സിനിമയല്ല, ഫിക്ഷണലാണ് എന്നാണ് പറയുന്നത്. കാല്‍പനിക ചിത്രമാണ്. അതിന്റെ കഥാപരിസരം സാങ്കല്‍പിക പശ്ചാത്തലത്തില്‍ ഉള്ളതാണ്. ചരിത്രപരമായ സിനിമ അല്ലാത്തത് കൊണ്ട് തന്നെ ഇത് എങ്ങനെ കുറ്റകരമാകും എന്നും പ്രദര്‍ശനം എങ്ങനെ തടയാനാകും എന്നും കോടതി ചോദിക്കുന്നു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും എന്നും കോടതി പറയുന്നു.

രാജ്യത്തെ നിയമം അനുസരിച്ച് ഏതൊരാള്‍ക്കും തന്റെ മതത്തില്‍ വിശ്വസിക്കാനും ആ മതത്തിലെ ദൈവമാണ് ഏകദൈവം എന്ന് വിശ്വസിക്കാനുമുള്ള അവകാശമുണ്ട്. ആ മതം പ്രചരിപ്പിക്കുന്നതിന് അവകാശമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ അള്ളാഹുവാണ് ഏകദൈവം എന്ന് പറയുന്ന കാര്യത്തില്‍ എങ്ങനെയാണ് കുറ്റകരമാകുക എന്നാണ് കോടതി ചോദിച്ചത്. അതുകൊണ്ട് എങ്ങനെ പ്രദര്‍ശനം തടയും എന്നും കോടതി ആവര്‍ത്തിച്ച് ചോദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group