Join News @ Iritty Whats App Group

അസ്‍മിയ‍യുടെ മരണം: മതപഠന കേന്ദ്രം പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് പൊലീസ്

തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയും പ്ലസ് വൺ വിദ്യാര്‍ത്ഥിനിയുമായ അസ്‍മിയ‍ മോളുടെ മരണത്തോടെ വിവാദത്തിലായ ബാലരാമപുരം ഇടമനക്കുഴിയിലെ മതപഠന കേന്ദ്രം പ്രവർത്തിച്ചത് അനുമതിയോടെയല്ലെന്ന് പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തിൽ സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് ജില്ലാ കളക്ടർക്ക് കത്തു നൽകി.

പതിനേഴുകാരിയുടെ മരണകാരണം കണ്ടെത്താനുള്ള അന്വേഷണം ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കൾ, സഹപാഠികൾ, കോളേജ് അധ്യാപകർ തുടങ്ങിയവരുടെ മൊഴികൾ രേഖപ്പെടുത്തി. സഹപാഠികളിൽനിന്നു നേരിട്ടും ഫോൺ മുഖേനയും വിവരശേഖരണവും നടത്തി. ചിലരെ സ്റ്റേഷനിൽ എത്തിച്ചും മൊഴി എടുത്തു. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രത്യേക അന്വേഷണ സംഘം സ്ഥാപനം സന്ദർശിക്കുകയും ഹാജർ ബുക്ക് ഉൾപ്പെടെ കുട്ടിയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചിരുന്നു. നെയ്യാറ്റിൻകര എ എസ് പി ടി ഫറാ‍ഷിനാണ് അന്വേഷണ ചുമതല. പ്രത്യേക സംഘത്തിൽ ഒരു സിഐ ഉൾപ്പെടെ നാലു പേർ‌ വനിതകളാണ്. ഒരാഴ്ച മുൻപാണ് അസ്മിയ മോളെ കോളേജിലെ ലൈബ്രറി ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group