Join News @ Iritty Whats App Group

'മൂടി വെക്കാനാകില്ല ഈ അഴിമതി'; ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറച്ച് പികെ ഫിറോസിന്‍റെ പ്രതിഷേധം


കൊച്ചി : എഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ട്രാഫിക് ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പികെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്. കൊച്ചിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്‍റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. പുതിയ പ്രതിഷേധ രീതി പികെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ട്രാഫിക് ക്യാമറയെ മുളകൊണ്ടുണ്ടാക്കിയ കൊട്ടകൊണ്ട് മറച്ച്, മൂടി വെക്കാനാകില്ല ഈ അഴിമതിയെന്ന കുറിപ്പോടെ ഫിറോസ് പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് സർക്കാരിനെതിരെ മുസ്ലീം ലീഗും പ്രതിഷേധം കടുപ്പിച്ചിരിക്കുകയായാണ്. യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാക പ്രതിഷേധങ്ങളാണ് നടക്കുന്നത്.

കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് ഉപരോധിച്ചു. പ്രസാഡിയോ കമ്പനിക്കെതിരെ ഉയർന്ന ആരോപണം കുറിച്ച പോസ്റ്ററുകൾ ഓഫീസ് ചുമരിൽ പ്രവർത്തകർ പതിച്ചു. ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും പ്രതിപക്ഷവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. പ്രസാഡിയോ ഡയറക്ടർ രാംജിത്തിന് ക്ലിഫ്ഹൗസുമായുള്ള ബന്ധമെന്തൊണെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന ചോദിച്ചു.

മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയൊണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിക്കുന്നു. അതേസമയം മോട്ടോർ വാഹവകുപ്പിൽ നിന്ന് പ്രസാഡിയോക്ക് മുമ്പും കരാർ കിട്ടിയതിന്‍റെ രേഖകൾ പുറത്തുവന്നു. വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നൽകിയ കരാറിൽ ഉപകരാര്‍ നൽകിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാൻഷ്യൽ റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെ സർക്കാരിനെതിരെ ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

Post a Comment

أحدث أقدم
Join Our Whats App Group