Join News @ Iritty Whats App Group

9 വർഷങ്ങൾ 9 ചോദ്യങ്ങൾ, പ്രധാനമന്ത്രിയോട് അക്കമിട്ട് ചോദ്യങ്ങളുമായി കോൺഗ്രസ്, 'മറുപടി വേണം'



ഡല്‍ഹി: ഈ മാസം 30ന് ഭരണത്തില്‍ 9 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 9 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. മൗനം വെടിഞ്ഞ് പ്രധാനമന്ത്രി ഈ 9 ചോദ്യങ്ങള്‍ക്കും ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

9 വര്‍ഷങ്ങള്‍ 9 ചോദ്യങ്ങള്‍ എന്ന പേരില്‍ ചോദ്യങ്ങളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. സാമ്പത്തിക രംഗത്തെ കുറിച്ചും കൊവിഡിനെ കുറിച്ചും സാമൂഹ്യ നീതിയെ കുറിച്ചുമുളള ചോദ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.


കോണ്‍ഗ്രസ് ഉയര്‍ത്തിയ 9 ചോദ്യങ്ങള്‍ ഇവയാണ്.
1. സാമ്പത്തികരംഗം- തൊഴിലില്ലായ്മയും പണപ്പെരുപ്പവും എന്തുകൊണ്ടാണ് രാജ്യത്ത് റോക്കറ്റ് പോലെ കുതിച്ചുയരുന്നത്? ധനികര്‍ കൂടുതല്‍ ധനികരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്നത് എന്തുകൊണ്ട്? പൊതുസ്വത്ത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തുന്നത്?

2
കാര്‍ഷികരംഗം- മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തുകൊണ്ടാണ് നടപ്പിലാക്കാത്തത്? താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഉയരാത്തത്?


3
അഴിമതിയും ചങ്ങാത്തമുതലാളിത്തവും- എല്‍ഐസിയിലും എസ്ബിഐയിലുമായുളള ആളുകളുടെ സമ്പാദ്യത്തെ നിങ്ങളുടെ സുഹൃത്ത് അദാനിക്ക് വേണ്ടി എന്തിനാണ് അപകടത്തിലാക്കുന്നത്? എന്തിനാണ് കളളമ്മാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നത്? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയെ കുറിച്ച് മൗനമെന്ത്?

4
ചൈനയും ദേശീയസുരക്ഷയും- 2020 താങ്കള്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിന് ശേഷവും എന്തുകൊണ്ടാണ് ചൈന ഇന്ത്യയുടെ അതിര്‍ത്തികള്‍ കയ്യേറുന്നത്? 18 തവണ ചൈനയുമായി ചര്‍ച്ച നടത്തി? എന്നിട്ടും എന്താണ് ചൈന ഇന്ത്യന്‍ ഭൂമി തിരിച്ച് നല്‍കാത്തത്?

5
സാമുദായിക സൗഹാര്‍ദ്ദം- തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി എന്തിനാണ് വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുകയും സമൂഹത്തില്‍ ഭീതി പടര്‍ത്തുകയും ചെയ്യുന്നത്?

6
സാമൂഹ്യനീതി- എന്തിനാണ് നിങ്ങളുടെ സര്‍ക്കാര്‍ സാമൂഹ്യനീതിയുടെ അടിത്തറ തകര്‍ക്കുന്നത്? സ്ത്രീകള്‍ക്കും ദളിതര്‍ക്കും എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷം എന്നിവര്‍ക്കെതിരെയുളള അക്രമങ്ങളെ കുറിച്ച് മാനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ജാതി സെന്‍സസ് എന്ന ആവശ്യം അവഗണിക്കുന്നത് എന്തുകൊണ്ടാണ്?

7
ജനാധിപത്യവും ഫെഡറലിസവും- ഭരണഘടനാ മൂല്യങ്ങളേയും ജനാധിപത്യ സ്ഥാപനങ്ങളേയും ഈ 9 വര്‍ഷം കൊണ്ട് ദുര്‍ബലപ്പെടുത്തിയത് എന്തിനാണ്? പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരെ എന്തിനാണ് പ്രതികാര രാഷ്ട്രീയം പയറ്റുന്നത്? തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പണം ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുന്നത് എന്തിനാണ്?

8
ക്ഷേമപദ്ധതികള്‍- കടുത്ത ചട്ടങ്ങളുണ്ടാക്കിയും ഫണ്ട് കട്ട് ചെയ്തും എന്തിനാണ് പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ അടക്കമുളളവര്‍ക്കുമുളള ക്ഷേമപദ്ധതികളെ ഇല്ലാതാക്കുന്നത്?

9
കൊവിഡ് കെടുകാര്യസ്ഥത- കൊവിഡ് കാരണം 40 ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടിട്ടും മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ആ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത്? ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരുന്ന തരത്തില്‍ ഒരു ലോക്ക്ഡൗണ്‍ പൊടുന്നനെ പ്രഖ്യാപിച്ചത് എന്തിനായിരുന്നു?

Post a Comment

أحدث أقدم
Join Our Whats App Group