Join News @ Iritty Whats App Group

മലപ്പുറത്ത് നാലു യുവാക്കൾ 88 ദിവസം ജയിലിൽ; പിടിച്ചെടുത്തത് MDMA അല്ല; രണ്ടു തവണ ലാബില്‍ പരിശോധിച്ചു

മലപ്പുറം: നാലു യുവാക്കൾ ഉൾപ്പെട്ട എംഡിഎംഎ കേസിൽ വഴിത്തിരിവ്. കെമിക്കൽ ലാബിലെ പരിശോധനയിൽ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തി. രണ്ടു തവണ ലാബിൽ പരിശോധിച്ചപ്പോഴും ഫലത്തിൽ പിടിച്ചത് എംഡിഎംഎ അല്ലെന്ന് റിപ്പോർട്ട്.

മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുള്ള എന്നിവരെയാണ് പൊലീസ് പിടികൂടിയിരുന്നത്.

മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് പിടികൂടിയ എംഡിഎംഎ കോഴിക്കോട് കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ഫലം നെഗറ്റീവായിരുന്നു. ഇതോടെ നാലു യുവാക്കൾക്കും ജാമ്യം അനുവദിച്ചു. 88 ദിവസം ജയിലിൽ കിടന്ന ശേഷമാണ് യുവാക്കൾക്ക് ജാമ്യം ലഭിച്ചത്.

ലഹരി മരുന്നു കേസിൽ ജയിലിലായതോടെ നാലു പേർക്കും ജോലി നഷ്ടമായെന്ന് ഇവർ പറയുന്നു. എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. പ്രതി ചേർക്കപ്പെട്ട മച്ചിങ്ങൽ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തു.

കുന്തിരിക്കം പോലെ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്. ഇത് പരിശോധിച്ച പൊലീസ് എംഡിഎംഎ അല്ലേയെന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞിട്ട് അംഗീകരിച്ചില്ല. മുബഷിർ ഗൾഫിൽനിന്നു വന്നപ്പോൾ ഒരു അറബി സമ്മാനമായി കൊടുത്തതായിരുന്നു അതെന്ന് യുവാക്കൾ പറയുന്നു. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് പൊലീസ്.

Post a Comment

أحدث أقدم
Join Our Whats App Group