Join News @ Iritty Whats App Group

കര്‍ണാടകയില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റം ; 120 സീറ്റുകളില്‍ മുന്നില്‍, ബിജെപി 72 സീറ്റില്‍


ബംഗലുരു: കോണ്‍ഗ്രസിന് ഇന്ത്യയില്‍ ഉടനീളം ഊര്‍ജ്ജം നല്‍കിക്കൊണ്ട് കര്‍ണാടകത്തില്‍ വന്‍ മുന്നേറ്റം. ഇന്ത്യമുഴുവനും ആകാംഷയോടെ കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 120 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞത് 72 സീറ്റുകളില്‍. ജെഡിഎസ് 25 സീറ്റുകളിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലും മുന്നിലാണ്.

ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിന് മുകളിലേക്ക് കോണ്‍ഗ്രസ് പോയപ്പോള്‍ 2018 ല്‍ നിന്നും വലിയ തിരിച്ചടിയാണ് ബിജെപിയ്ക്ക് കിട്ടിയിരിക്കുന്നത്. തീരദേശ മേഖല ഒഴികെയുള്ള എല്ലായിടത്തും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ്. ബംഗലുരു മേഖലയില്‍ മാത്രമാണ് ബിജെപിയ്ക്ക് കോണ്‍ഗ്രസിന് മുന്നിലെത്താനായത്. ഇവിടെ 14 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് 13 സീറ്റിലാണ് മുന്നിലുള്ളത്.

കോണ്‍ഗ്രസ് ഇനിയും മുന്നേറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിരിക്കുന്നത്. 125 സീറ്റുകള്‍ക്ക് മുകളിലാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചനകള്‍. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ജനാധിപത്യത്തിനായുള്ള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സമീപകാലത്ത് ബിജെപിയുടെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്.


Post a Comment

أحدث أقدم
Join Our Whats App Group