Join News @ Iritty Whats App Group

കമ്മലിൽ അലർജി, 10 ദിവസം മെഡിക്കൽ കോളേജിൽ ചികിത്സ, ഡിസ്ചാർജിന് പിന്നാലെ മീനാക്ഷിയുടെ മരണം; കേസെടുത്തു, അന്വേഷണം


തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത് ചികിത്സാ പിഴവെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് ചികിത്സക്കിടെ മരിച്ചത്. മുക്കുപണ്ടത്തിൽ നിന്നുള്ള അല‍ർജിയെ തുടർന്ന് ചികിത്സയിലായിരുന്ന മീനാക്ഷി, ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായാണ് മരണപ്പെട്ടത്. മെഡിക്കൽ കോളേജിൽ വീണ്ടും എത്തിച്ചെങ്കിലും മീനാക്ഷിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതോടെയാണ് പരാതിയുമായി വീട്ടുകാർ രംഗത്തെത്തിയത്.

മുക്കുപണ്ട കമ്മലിൽ നിന്നാണ് മീനാക്ഷിക്ക് അലർജി ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മീനാക്ഷി 10 ദിവസത്തോളം ചികിത്സയിൽ കഴിയുകയും ചെയ്തു. ഈ മാസം 17 മുതൽ ചികിത്സയിലായിരുന്ന മീനാക്ഷിയെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ഉള്ളൂരിൽ വച്ച് മീനാക്ഷി ഛർദ്ദിച്ചു. ഇതോടെ ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ഹൃദയാ​ഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃത‍ർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ചികിത്സാ പിഴവാണ് മീനാക്ഷിയുടെ ജീവൻ അപഹരിച്ചതെന്ന പരാതി ബന്ധുക്കൾ ഉയർത്തിയതോടെ ആറ്റിങ്ങൽ പൊലീസാണ് കേസെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും അന്വേഷണം നടക്കുകയാണെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. മീനാക്ഷിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂ‍ർത്തിയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്താണ് പറയുന്നതെന്ന് നോക്കിയാകും തുടർ നടപടി.

Post a Comment

أحدث أقدم
Join Our Whats App Group