Join News @ Iritty Whats App Group

*ക്രൂഡ്‌ വിലയിൽ വൻ ഇടിവ്‌ ; ഇന്ധനവില കുറയ്‌ക്കാതെ കേന്ദ്രം*


കൊച്ചി  
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത (ക്രൂഡ്‌) എണ്ണവില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. 17 ദിവസത്തിനിടെ ഒരു വീപ്പ എണ്ണയ്ക്ക് 8.54 ഡോളറാണ്‌ (ഏകദേശം 689 രൂപ) കുറഞ്ഞത്. മൂന്നുദിവസമായി വില 80 ഡോളറിൽ താഴെയാണ്. ചൊവ്വാഴ്‌ച 80.6 ഡോളറായിരുന്നത് ബുധനാഴ്‌ച 2.88 ഡോളർ (ഏകദേശം 236 രൂപ) കുറഞ്ഞ് 77.72 ആയി. വെള്ളിയാഴ്ച 78.79 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. മാർച്ച് മുപ്പതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. മാർച്ച് 14 മുതൽ 31 വരെയും എണ്ണവില തുടർച്ചയായി 80 ഡോളറിൽ താഴെയായിരുന്നു.

അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നനിരക്കിൽ തുടരുന്നതും യുഎസ്‌ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക്  വീണ്ടും ഉയർത്തുമെന്ന ആശങ്കയുമാണ് കാരണം. അമേരിക്കയും അതുവഴി ലോകമാകെയും വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും ആഗോളതലത്തിൽ ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞേക്കുമെന്നുമാണ് വിലയിരുത്തൽ. ആറുമാസത്തിനിടെ 16.98 ഡോളറാണ് (1389 രൂപ) എണ്ണവില ഇടിഞ്ഞത്. എണ്ണവില കൂപ്പുകുത്തിയിട്ടും 11 മാസമായി കേന്ദ്രം ഇന്ധനവില കുറച്ചിട്ടില്ല. കോവിഡ് കാലത്ത് കുത്തനെ കൂട്ടിയ തീരുവയിലും കാര്യമായ കുറവില്ല. 2014നുശേഷം  സർക്കാർ 12 തവണയാണ് ഇന്ധനത്തീരുവ കൂട്ടിയത്. കർണാടക തെരഞ്ഞെടുപ്പായതിനാൽ കേന്ദ്രം വില കുറച്ചേക്കുമെന്ന്‌ കരുതുന്നവരുമുണ്ട്‌.

Post a Comment

أحدث أقدم
Join Our Whats App Group