Join News @ Iritty Whats App Group

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കെപിസിസി ജനറല്‍ സെക്രട്ടറിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍



കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കരുതല്‍ തടങ്കലില്‍. കെ പി സി സി ജനറല്‍ സെക്രട്ടറി അടക്കമുള്ളവരെ ആണ് പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുന്നത്. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി സി സി സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്‌കര്‍ ബാബു, ബഷീര്‍ എന്നിവരാണ് കരുതല്‍ തടങ്കലില്‍ ഉള്ളത്.

ഇന്ന് പുലര്‍ച്ചെയോടെ ഇവരെ വീടുകളിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പള്ളുരുത്തി പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരുതല്‍ തടങ്കലില്‍ ഉള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തുന്നത്.

കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തില്‍ ആണ് ആദ്യം എത്തുന്നത്. അവിടെ നിന്നാണ് 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ആളുകളെ നിയന്ത്രിക്കാന്‍ റോഡിന് ഇരുവശവും ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. റോഡ് ഷോ കാണാന്‍ 15000 പേരെങ്കിലും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

ശേഷം തേവര എസ് എച്ച് കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുക്കും എന്നാണ് വിവരം. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മോദിയുടെ മുഖാമുഖവും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് ഇതിലെ വിഷയം.

ഇതിന് ശേഷം രാത്രി 7 മണിക്ക് കര്‍ദിനാള്‍മാരടക്കം എട്ട് ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. നാളെ കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. ശേഷം തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 10.55ന് ആണ് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങള്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1500 ല്‍ അധികം ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള സ്‌കീം ചോര്‍ന്ന പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഒ രുക്കിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group