Join News @ Iritty Whats App Group

ജോലിക്കെത്തി ഒരാഴ്ച, പെരുമ്പാവൂരിൽ തീച്ചൂളയിൽ വീണ് തൊഴിലാളിയുടെ മരണം; എല്ലാ സഹായവും നൽകുമെന്ന് മന്ത്രി

കോഴിക്കോട്: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച ബംഗാൾ സ്വദേശി നസീർ ഹൊസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി.നസീർ ഹൊസ്സൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 4 ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ് ) റിപ്പോർട്ടിൽ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്.

നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. ജോലിക്കിടയിൽ സംഭവിച്ച അപകടമരണം ആയതിനാൽ എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിന് ലഭിക്കുന്നതിനുളള നടപടികളും സ്വീകരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ ആയിരുന്നു തീച്ചൂളയിലേക്ക് നസീർ വീണത് ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി നസീർ ഷെയ്ക്ക് എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങൾ വർഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. 

ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീർ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാൻ ശ്രമിച്ചു. അടിഭാഗത്ത് തീ കത്തിയുണ്ടായ ഗർത്തത്തിലേക്ക് നസീർ പതിച്ചെന്നാണ് കരുതുന്നത്. ആറ് യൂണിറ്റ് ഫയർഫോഴ്സും 2 ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂർ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്‍റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേശിയാണ് നസീർ.

Post a Comment

أحدث أقدم
Join Our Whats App Group