Join News @ Iritty Whats App Group

'കേന്ദ്രമന്ത്രി കോട്ടയത്ത് എത്തുമ്പോൾ റബറിന് 300 രൂപയാക്കി പ്രഖ്യാപിക്കൂ'; വെല്ലുവിളിച്ച് കെ സുധാകരൻ



കണ്ണൂര്‍: റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബി ജെ പി നേതാക്കള്‍ ഉറപ്പുനല്കിയതുമായ ഒരു കിലോ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ നടത്തുന്ന പ്രഹസന സന്ദര്‍ശനംപോലെ കേന്ദ്രമന്ത്രിയുടെ റബര്‍ ബോര്‍ഡ് പരിപാടിയെ തരംതാഴ്ത്തിയാല്‍ അതു കര്‍ഷകരോടു കാട്ടുന്ന കൊടിയ വഞ്ചന ആയിരിക്കും.

സംസ്ഥാനത്തെ ബിഷപ്പുമാരുടെ അരമനകളില്‍ പാല്‍പ്പുഞ്ചിരിയും ക്യാമറയുമായി എത്തുന്ന ബി ജെ പി നേതാക്കളെല്ലാം ആവര്‍ത്തിച്ചു നല്കുന്ന ഉറപ്പാണ് റബറിന് 300 രൂപ ആക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കര്‍ഷകകൂട്ടായ്മകളില്‍ പങ്കെടുത്ത് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിവരുകയാണ്.

പ്രധാനമന്ത്രി ത്രിപുരയില്‍ വച്ച് റബര്‍വില ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. ഇത്രയുമെല്ലാം ഉറപ്പുകളും വാഗ്ദാനങ്ങളും നല്കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരേ ഉയരുന്ന ജനരോഷം ബി ജെ പി തിരിച്ചറിയുമെന്ന് കരുതുന്നു. യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് മാതൃകയില്‍ കേന്ദ്രത്തിന്റെ സഹായനിധി കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.

റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ടയര്‍ലോബിയില്‍ നിന്നുള്ള സംരക്ഷണം, റബറിനെ കാര്‍ഷികോല്പന്നമായി പ്രഖ്യാപിക്കല്‍ തുടങ്ങിയവയും കേന്ദ്രസര്‍ക്കാരിന് അനായാസം ചെയ്യാം. റബര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും ടയര്‍ലോബിയുടെ പിടിയിലമര്‍ന്നതുകൊണ്ടാണ് റബര്‍ വില കുത്തനെ ഇടിയുമ്പോള്‍ ടയര്‍വില വാണം പോലെ കുതിച്ചുയരുന്നത്.

ടയര്‍ലോബിയുടെ വമ്പിച്ച സാമ്പത്തിക സ്വാധീനത്തിന്റെ മുന്നില്‍ കേന്ദ്രവും റബര്‍ബോര്‍ഡും വില്ലുപോലെ വളയുന്നത് കര്‍ഷകര്‍ കാണുന്നുണ്ട്. റബര്‍ കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുന്നത് കേന്ദ്രമോ, സംസ്ഥാനമോ എന്നത് സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയാറാണ്.

പിണറായി സര്‍ക്കാര്‍ റബര്‍വില സ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വര്‍ഷം 500 കോടി രൂപ വകയിരുത്തിയിട്ട് ചെലവാക്കിയത് വെറും 33.195 കോടി രൂപയാണ് ( 6% ) എന്ന വസ്തുത ഇടതുസര്‍ക്കാരിന്റെ കര്‍ഷക സ്നേഹത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. റബര്‍ കര്‍ഷകരോടൊപ്പം നില്ക്കേണ്ട കേരള കോണ്‍ഗ്രസ് - എം കര്‍ഷകദ്രോഹ മുന്നണിയിലെത്തിയപ്പോള്‍ നിശബ്ദരായെന്നും സുധാകരന്‍ പറഞ്ഞു .

Post a Comment

أحدث أقدم
Join Our Whats App Group