Join News @ Iritty Whats App Group

ആറ് മാസമായി ശമ്പളമില്ല ആരും തിരിഞ്ഞു നോക്കാനില്ലാതെ ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും

 
ഇരിട്ടി: ആറുമാസമായി ശമ്പളമില്ല. ആരും തിരിഞ്ഞു നോക്കാനില്ലാതെ  സർക്കാർ നിയന്ത്രണത്തിലുള്ള  ആറളം ഫാമിലെ  ജീവനക്കാരും തൊഴിലാളികളും  മുഴുപ്പട്ടിണിയിലായി.  സ്റ്റേറ്റ് ഫാമിങ്ങ് കോപ്പറേഷന് കീഴിൽ ജോലിചെയ്യുന്നവർക്കുള്ള സേവന വേതന വ്യവസ്ഥകൾ ഉള്ളവരാണെങ്കിലും  കഞ്ഞികുടിക്കാൻ ഗതിയില്ലാതെ പ്രതിസന്ധിയിൽ മുങ്ങി താഴുകയാണ് ഇവിടുത്തെ  തൊഴിലാളികളും ജീവനക്കാരും.  സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളുമായി 70 ശതമാനത്തിലധികം ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വീട്ടുനികുതിയും വെള്ളക്കരവും കറന്റ് ചാർജ്ജും എല്ലാം കൂട്ടിയിട്ടും പാവങ്ങളായ ആദിവാസികളെ പോലും സംരക്ഷിക്കാനുള്ള മനസ്ഥിതി ഇല്ലാത്തവരായി മാറിയിരിക്കുകയാണ്  അധികൃതർ.  
  390 പേരാണ്  ഫാമിൽ സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജീവനക്കാരുമായുള്ളത്.  ഇതിൽ താല്ക്കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200-ൽഅധികം പേർ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവരാണ്. 2022 ഓഗസ്റ്റ് മാസത്തെ വേതനമാണ് ഇവർക്ക് അവസാനമായി  പൂർണ്ണമായും ലഭിച്ചത്. കഴിഞ്ഞ മാസം അഞ്ചുമാസത്തെ ശബളകുടിശ്ശികയിൽ നിന്നും 5000രൂപ അനുവദിച്ചിരുന്നു. ഇതുകൊണ്ട് പലർക്കും കുട്ടികളുടെ പഠന ചിലവുകൾക്ക് പോലും തികയാത്ത അവസ്ഥയിലായിരുന്നു.  അവശ്യ സാധനങ്ങൾപോലും വാങ്ങാൻ ഗതിയില്ലാതെ ബുദ്ധിമൂട്ടുകയാണ് കുടുംബങ്ങൾ.  ജീവനക്കാർക്കുള്ള പി എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണവും നടക്കുന്നില്ല. ഇതിനു മാത്രമായി  മൂന്ന് കോടിയോളം രൂപ വേണ്ടി വരുമെന്നാണ് ഫാം മാനേജ്‌മെന്റ് പറയുന്നത്.
                 
    ഒരുമാസത്തെ ശബളം മാത്രം നൽകാൻ 70ക്ഷത്തോളം രൂപ വേണം. ആറുമാസത്തെ വേതന കുടിശ്ശിക തീർക്കണമെങ്കിൽ നാലുകോടിയോളം രൂപ വേണം. പിരിഞ്ഞുപോയസ്ഥിരം  തൊഴിലാളികൾക്കും ജീവനക്കർക്കുമായി നൽകാനുള്ള ബാധ്യത രണ്ട് കോടിയിലധികംവരും . ഇതിനുള്ള വരുമാനമൊന്നും ഇപ്പോൾ ഫാമിൽ നിന്നും ലഭിക്കുന്നുമില്ല. ശബളം നൽകാൻ പണം ചോദിച്ചുക്കൊണ്ട് ഒരപേക്ഷയും അയക്കേണ്ടെന്ന കർശന നിലപാട് എടുത്തിരിക്കുകയാണ് ധനകാര്യ വകുപ്പ്. നേരത്തെ പ്രതിസന്ധിഘട്ടങ്ങളിലൊക്കെ സർക്കാറിൽ നിന്നും  അടിയന്തിര സഹായം ലഭിച്ചിരുന്നു.  ഫാമിന് വേണ്ട വരുമാനം ഫാമിൽ നിന്നും കണ്ടെത്തണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വരുമാന വർധന മാർഗ്ഗങ്ങൾ ഉണ്ടാക്കുന്നതിന് നബാർഡ് മുഖാന്തരവും മറ്റും കോടിക്കണക്കിന് രൂപയുടെ സഹായവും അനുവദിച്ചിരുന്നു. എന്നാൽ എറ്റെടുത്ത പദ്ധതികളൊന്നും വിജയത്തിലെത്തിക്കാൻ ഫാം മാനേജ്‌മെന്റിന് കഴിയുന്നില്ല. കാട്ടാനയുൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതും ആസൂത്രണത്തിലെ പിഴവും കാരണം ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിയുന്നില്ല. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ മഞ്ഞൾ കൃഷിപോലും വൻ നഷ്ടത്തിലാണ്. ഫാം നേഴ്‌സറിക്ക് ആവശ്യമായ മാതൃസസ്യതോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും വിജയത്തിലെത്തിയിട്ടില്ല.
 
ഫാമിൽ 618 ഹെക്ടറിലാണ് കശുമാവ് കൃഷിയുള്ളത്.  ഏറ്റവും ഒടുവിലത്തെ പ്രതീക്ഷ ഇവിടെ വിളയുന്ന  കശുവണ്ടിയിലായിരുന്നു.  അതും അസ്ഥാനത്താകുന്ന നിലയിലാണ് ഇപ്പോഴത്തെ പോക്ക്. കാട്ടാനയുടേയും മറ്റും ഭീഷണി കാരണം പല ബ്ലോക്കുകളിലും കാട് വെട്ട് പോലും പൂർത്തിയായിട്ടില്ല.  മറ്റു കൃഷി വിളകൾക്കൊപ്പം കശുവണ്ടി  കൃഷിയും  കാട്ടാനകൾ കുത്തി വീഴ്ത്തി നശിപ്പിക്കുന്ന അവസ്ഥയുമുണ്ട്.  അവശേഷിക്കുന്ന ഭാഗങ്ങളിൽ കാട് വെട്ട് നടക്കാഞ്ഞതിനാൽ കശുവണ്ടി  ശേഖരിക്കാൻ പോലും കഴിയാത്ത  അവസ്ഥയാണ്. മൂന്ന് കോടിയെങ്കിലും വരുമാനം കശുവണ്ടിയിൽ നിന്നും ലഭിച്ചാൽ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കാൻ കഴിയു. ആനശല്യവും കുരങ്ങ് ശല്യവും  പ്രധാന വരുമാന മാർഗ്ഗമായിരുന്ന തെങ്ങു കൃഷിയെ പാടേ നാമാവശേഷമാക്കിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടോളം കാലം ഏഷ്യയിലെ ഏറ്റവും വലുതും ഭാരതത്തിനു തന്നെ അഭിമാനവുമായി തലയുയർത്തി നിന്നിരുന്ന ആറളം സെൻട്രൽ സ്റ്റേറ്റ് ഫാം ഇന്ന് ഈ  വിധം നശിപ്പിക്കപ്പെട്ടതിൽ ദുഃഖം പങ്കിടുന്നവർ ഏറെയാണ്.  ഈ വിധത്തിൽ മുന്നോട്ടു പോയാൽ ആറളം ഫാം ഇനിയെത്രനാൾ ഫാമായി നിലനിൽക്കും എന്ന ചോദ്യമാണ് പലകോണിൽ നിന്നും ഉയരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group