Join News @ Iritty Whats App Group

യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ അയൽവീട്ടിൽ; ആത്മഹത്യയാകാമെന്ന് പൊലീസ്, ദുരൂഹത



ചാരുംമൂട് : സമീപവാസിയുടെ വീടിനുള്ളിൽ യുവാവിനെ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ജിതേഷ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയിൽ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും (76 ) മകൾ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ആശ ഇടപ്പോണുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ തീ ആളിപ്പടർന്നിരുന്നു. രണ്ടു നിലകളിലെയും ജനൽച്ചില്ലുകൾ പൊട്ടിച്ചിതറിയ നിലയിലാണ്. മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകൾ പൊട്ടിയിളകിയിട്ടുണ്ട്. ഫർണിച്ചറുകളും, ടെലിവിഷൻ, ഫാൻ തുടങ്ങിയവും കത്തിനശിച്ചു. വിവരം അറിഞ്ഞ് നൂറനാട് പോലീസും ഫയർഫോഴ്സും എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. 

പെട്രോൾ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എറണാകുളം,പുനലൂർ എന്നിവിടങ്ങളിലായി ഹെവി വാഹനം ഓടിക്കുകയാണ് അവിവാഹിതനായ ജിതേഷ്. രാമചന്ദ്രൻ നായരുടെ വീടുമായി വളരെ അടുപ്പമുള്ള ജിതേഷ് ഇവരുടെ സഹായി കൂടിയാണ്. ഇവരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു. 6 മാസം മുമ്പാണ് ഇവിടുത്തെ വാഹനം വിറ്റത്. ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന ആശ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സംഭവ സമയം രാമചന്ദ്രൻ നായരും ഭാര്യ ഉമയമ്മയും ആശയും രണ്ട് ചെറുമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ജിതേഷ് വീട്ടിലുണ്ടായിരുന്നുവെന്നും ഉച്ച ഭക്ഷണം തയ്യാറായ സമയം ഒരു ഫോൺ വരുകയും ഭക്ഷണം കഴിക്കാതെ ബൈക്കുമെടുത്ത് പോകുകയുമായിരുന്നെന്ന് അമ്മ വസുമതി പറഞ്ഞു. നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തും. കൂടുതൽ അന്വേഷണത്തിലേ സംഭവം സംബന്ധിച്ച വ്യക്തയുണ്ടാവൂ എന്ന് സി.ഐ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജിതേഷിന്റെ ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group