Join News @ Iritty Whats App Group

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ബാരിക്കേഡ് മറികടന്ന് പ്രതിഷേധം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി


ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കെതിരെ ദില്ലിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ജന്തർമന്ദറിൽ മാർച്ച് തടഞ്ഞ പൊലീസ്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഷാഫി പറമ്പിലിനെയും ശ്രീനിവാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഴുവന്‍ പ്രതിഷേധകരെയും അറസ്റ്റ് ചെയ്ത് നീക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് മുങ്ങി. സ്പീക്കര്‍ക്ക് നേരെ പ്ലക്കാര്‍ഡ് വലിച്ചെറിഞ്ഞും, പേപ്പര്‍ കീറിയെറിഞ്ഞുമായിരുന്നു ലോക്സഭയിലെ പ്രതിഷേധം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലും അദാനി വിഷയത്തിലും പ്രതിഷേധം കനത്തതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യസഭയും പിരിഞ്ഞു. പേപ്പർ കിറിയെറിഞ്ഞ ടി എൻ പ്രതാപനും ഹൈബി ഈഡനുമെതിരെ നടപടി ഉണ്ടായേക്കും. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന് തൃണമൂല്‍ കോണ്‍ഗ്രസും, ബിആര്‍എസും പിന്തുണ നല്‍കിയത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കമായി.

ചെയറിലെത്തിയ സ്പീക്കര്‍ക്ക് നേരെ പാഞ്ഞടുത്ത എംപിമാര്‍ മുദ്രാവാക്യം വിളികളുമായി, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക് സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് സ്പീക്കര്‍ക്ക് നേരെ കീറിയെറിഞ്ഞു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ എംപിമാര്‍ ചെയറിന് നേരെ വലിച്ചെറിഞ്ഞു. സ്ഥിതി വഷളായതോടെ നാല് മണിവരെ ലോക്സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ മടങ്ങി. രൂക്ഷമായ മുദ്രാവാക്യങ്ങളുമായി രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യസഭയും പിരിഞ്ഞു. തുടര്‍ന്ന് ഗാന്ധി പ്രതിമക്ക് മുന്‍പിലേക്ക് പ്രതിഷേധം മാറ്റി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന സന്ദേശം നല്‍കി കറുത്ത വസ്ത്രവും മാസ്കും ധരിച്ചെത്തിയ എംപിമാര്‍ വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ഭിന്നിച്ച് നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുലിന്‍റെ അയോഗ്യത വിഷയത്തിലൊന്നിച്ചതും ശ്രദ്ധേയമായി.കോണ്‍ഗ്രസ് വിളിച്ച യോഗത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് അടക്കം 18 പാര്‍ട്ടികള്‍ പങ്കെടുത്തു. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്ന വിഷയത്തില്‍ ഒന്നിച്ച് നീങ്ങണമെന്ന് പാര്‍ട്ടികളോട് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. അതേസമയം ഭിന്നത മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചത് ബിജെപിക്ക് തിരിച്ചടിയായി. കോടതി വിധിക്കെതിരെ കോടതിയിലാണ് പോരാടേണ്ടതെന്നും തെരുവിലല്ലെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതിപക്ഷ നീക്കത്തെ വിമര്‍ശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group