Join News @ Iritty Whats App Group

ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെഎസ്ഇബി


തിരുവനന്തപുരം: ഇന്ധന സെസിന് പുറമെ ഏപ്രിൽ മുതൽ വൈദ്യുതി ചാർജ് വർധിക്കുമോ? വീണ്ടും നിരക്ക് വർധന കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചു. ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്കിൽ കെഎസ്ഇബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 41 പൈസയുടെ വർധന. ഗാർഹിക ഉപഭോക്താക്കളുൾപ്പെടെ 6.19 ശതമാനത്തിന്റെ വർധനയാണ് റെഗുലേറ്ററി കമ്മീഷന് സമർപ്പിച്ച താരിഫ് പെറ്റീഷനിൽ ബോർഡ് ആവശ്യപ്പെടുന്നത്. ഇത് കമ്മീഷൻ അംഗീകരിച്ചാൽ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് യൂണിറ്റിന് 3.56 രൂപയായി ഉയരും.

2022 മുതല്‍ 2025 വരെയുള്ള റവന്യൂ കമ്മി റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചെങ്കിലും 2023 മാര്‍ച്ച് 31 വരെയുള്ള നിരക്ക് വര്‍ദ്ധന മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബോര്‍ഡ് നല്‍കുന്ന താരിഫ് പെറ്റീഷന്‍ അനുസരിച്ച് 2023 ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു കമ്മീഷന്‍ തീരുമാനം. ഇതിനായി വൈദ്യുതി ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് യൂണിറ്റിന് 41 പൈസയുടെ വര്‍ദ്ധന ആവശ്യപ്പെടുന്നത്.

നിലവിലുളള നിരക്കിന്റെ 6.19 % ആണിത്.
1044 കോടി രൂപ ഈ നിരക്ക് വര്‍ദ്ധനയിലൂടെ ലഭിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. 2023-24 സാമ്പത്തിക വര്‍ഷം 2939 കോടി രൂപയാണ് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച ബോര്‍ഡിന്റെ റവന്യൂ കമ്മി. അതിനാല്‍, ബോര്‍ഡിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിക്കുമെന്നാണ് സൂചന.

ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്തെ കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും. ഇപ്പോള്‍ 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ 3.15 രൂപയാണ് യൂണിറ്റിന് നല്‍കേണ്ടത്. ഈ വിഭാഗത്തിലുള്ളവരെ നിരക്ക് വര്‍ദ്ധനയില്‍ നിന്നും കഴിഞ്ഞ തവണയും ഒഴിവാക്കിയിരുന്നു. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 3.95 രൂപയാണ് നല്‍കേണ്ടത്. ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം ഇതു 4.36 രൂപയായി ഉയരും. താരിഫ് പരിഷ്‌കരണ ശുപാര്‍ശ അംഗീകരിച്ചില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പയെടുക്കേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ നിലപാട്.

Post a Comment

أحدث أقدم
Join Our Whats App Group