Join News @ Iritty Whats App Group

എകെജിക്കും സികെ ചന്ദ്രപ്പനും പ്രണാമം അര്‍പ്പിച്ച് വി.എം സുധീരൻ

കമ്മ്യൂണിസ്റ്റ് നേതാക്കളായ എകെജിക്കും സി.കെ ചന്ദ്രപ്പനും പ്രണാമം അര്‍പ്പിച്ച് മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം സുധീരന്‍. എകെജിയുടെ 46-ാം ചരമവാര്‍ഷിക ദിനവും സി.കെ ചന്ദ്രപ്പന്‍റെ 11-ാം ചരമ വാര്‍ഷിക ദിനവുമായ ഇന്ന് ഇരുവരെയും കുറിച്ചുള്ള സ്മരണകള്‍ പങ്കുവെച്ചാണ് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് എന്നാണ് എകെജിയെ സുധീരന്‍ അനുസ്മരിച്ചത്.

 ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും പാര്‍ലമെന്റും നിയമസഭയും നേരാവണ്ണം പ്രവര്‍ത്തിക്കാനും പാര്‍ലമെന്ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെ. കെ.എസ്.യു പ്രസിഡന്റായിരിക്കെ എം.എല്‍.എ. ഹോസ്റ്റലില്‍വച്ച് എ.കെ.ജി.യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് സുധീരന്‍ കുറിച്ചു.

ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച പാര്‍ലമെന്റേറിയന്‍മാരുടെ നിരയില്‍ പ്രമുഖ സ്ഥാനമാണ് സി.കെ.ക്കുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കണമെന്ന ആശയത്തെ മുന്‍നിര്‍ത്തി അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബില്‍ ചരിത്രത്തിന്റെ ഭാഗമാണ്.കന്നിക്കാരനായി ലോക്‌സഭയിലെത്തിയ എനിക്ക് ലോക്‌സഭാ നടപടികളെക്കുറിച്ച് അദ്ദേഹം നല്‍കിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ആലപ്പുഴ തീരദേശ റെയില്‍വേ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ നല്‍കിയ സഹായ സഹകരണങ്ങളും കടപ്പാടോടുകൂടി ഓര്‍ക്കുന്നുവെന്ന് സി.കെ ചന്ദ്രപ്പനെ അനുസ്മരിച്ച് സുധീരന്‍ കുറിച്ചു.

 തികഞ്ഞ സൗമ്യതയോടെ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ആരോടായാലും നിര്‍ഭയമായി അതെല്ലാം അവതരിപ്പിക്കാന്‍ മടിക്കാത്ത സി.കെ.യുടെ വ്യക്തിത്വം വേറിട്ടതുതന്നെയായിരുന്നു.പാര്‍ലമെന്റും സംസ്ഥാന നിയമസഭയും പ്രവര്‍ത്തനസ്തംഭനത്തിലെത്തിയ ഇക്കാലത്ത് പാര്‍ലമെന്ററി സംവിധാനങ്ങളെ ജനാധിപത്യ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്ക് സി.കെ.സ്മരണ കരുത്തുപകരുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group