Join News @ Iritty Whats App Group

ഭാര്യക്ക് കോടതി വിധിച്ച തുക നൽകിയില്ല; പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതി ഓടി രക്ഷപ്പെട്ടു

ഭാര്യയ്ക്ക് കോടതി വിധിച്ച പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ട യുവാവിനെതിരേ കേസ്. കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിമിനെതിരെയാണ് കേസെടുക്കാൻ വടകര കുടുംബ കോടതി നിര്‍ദേശിച്ചത്. മുഹമ്മദ് ജാസിമിന്‍റെ ഭാര്യയായ നടേരി സ്വദേശി റൈഹാനത്തിന്‍റെ സ്വർണം ദുരുപയോഗം ചെയ്ത കേസിൽ 29,53,722 രൂപ ഭർത്താവിൽ നിന്നു ഈടാക്കുന്നതിന് കുടുംബ കോടതി വിധിച്ചിരുന്നു. 2019 ൽ വിധിയായ ഈ കേസിൽ പണം നൽകാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. കോടതി വിധിച്ച തുക ഭാര്യക്ക് നൽകാത്തതിനെത്തുടർന്ന് യുവാവിനെ വടകര കുടുംബ കോടതി ജഡ്ജി പൊലീസിലേൽപ്പിച്ചിരുന്നു.

വിദേശത്ത് എഞ്ചിനീയറായ യുവാവ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ബുധനാഴ്ച കോടതിയിൽ ഹാജരായത്. എന്നാൽ, മുഴുവൻ പണവും കോടതിയിൽ അടക്കാൻ ജാസിമിന്‍റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് കോടതി ജാസിമിനെ പോലീസ് കസ്റ്റഡിയിൽ ഏൽപിച്ചു. കോടതി ഡ്യുട്ടിയിലുണ്ടായിരുന്ന വടകര വനിതാ സെല്ലിലെ വനിതാ സി.പി.ഒ. ആണ് ജാസിമിനെ കസ്റ്റഡിയിലെടുത്തത്. വനിതാ പൊലീസ് വിവരം വനിതാ സെൽ വഴി കൊയിലാണ്ടി സ്റ്റേഷനിൽ അറിയിച്ചു.

കുറച്ച് സമയത്തിന് ശേഷം ഫോൺ ചെയ്യാനെന്ന വ്യാജേന മാറി നിന്ന ജാസിം പോലീസ് ഉദ്യോഗസ്ഥയെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബൈക്കിൽ കയറാനുള്ള ശ്രമത്തിനിടയിൽ വനിതാ സിപിഒ പിടികൂടിയെങ്കിലും കുതറി മാറി ഓടി. ജെ ടി റോഡിലേക്ക് കടന്ന പ്രതിയുടെ പിന്നാലെ പോലീസും കോടതി പരിസരത്തുള്ളവരും ഓടിയത് നാടകീയ രംഗങ്ങൾക്കിടയാക്കി.

പ്രതി രക്ഷപെട്ടതോടെ വനിത സിവിൽ പോലീസ് ഓഫീസർ കോടതിക്കും വടകര പോലീസിലും പരാതി നൽകി. സംഭവത്തിൽ കേസെടുക്കാൻ കോടതി വടകര പൊലീസിന് നിർദേശം നൽകി. ജാസിമിന്‍റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group