Join News @ Iritty Whats App Group

കോഴിക്കോട് വനിതാസുഹൃത്തിൻ്റെ വീട്ടിലെത്തിയ കണ്ണൂ‍ർ സ്വദേശിയെ 20 അംഗ സംഘം ക്രൂരമായി ആക്രമിച്ചു; അയൽവാസി പിടിയിൽ


കോഴിക്കോട്: നാദാപുരം പേരോട് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. നാദാപുരം - പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ് (36) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29) ഗുരുതര പരിക്കേറ്റത്. യുവതിയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് ഇരുപതോളം വരുന്ന അക്രമി സംഘം വിശാഖിനെ അക്രമിച്ചത്.

അക്രമ സംഭവത്തിൽ പേരറിയാവുന്ന ആറ് പേർക്കെതിരെയും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.ഈ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവർ ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും നാദാപുരം പൊലീസ് അറിയിച്ചു.

സംഭവം ഇങ്ങനെ

കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നെന്നാണ് പരാതി. ഇരുമ്പ് ദണ്ഡുകളും ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. ഇയാളുടെയും യുവതിയുടെയും ഫോണുകൾ അക്രമിസംഘം കൈക്കലാക്കി. രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ വിവരം അറിഞ്ഞെത്തിയ നാദാപുരം പൊലീസാണ് നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചത്. ദേഹമാസകലം പരിക്കേറ്റ വിശാഖിനെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ നാദാപുരം മുഹമ്മദ് സാലിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group