Join News @ Iritty Whats App Group

അയ്യൻകുന്നിൽ രണ്ടുവീടുകൾ കുത്തിത്തുറന്ന് വൻ കവർച്ച -ലക്ഷങ്ങളുടെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവിൽ രണ്ടു വീടുകൾ കുത്തിത്തുറന്ന് വൻ കവർച്ച. രണ്ട് വീടുകളിൽ നിന്നുമായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും അരലക്ഷത്തിലേറെ പണവും കവർന്നു. 
അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇല്ലിക്കൽ ജോസ്, സമീപത്തെ കൊച്ചുവേലിക്കകത്ത് സെബാസ്റ്റ്യൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളിലും വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇല്ലിക്കൽ ജോസിന്റെ വീട്ടിൽ നിന്നും 13 പവനും 12500 രൂപയും ആണ് മോഷ്ടിച്ചത്. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് കിടപ്പ് മുറികളിലെ വാതിലുകൾ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നത്. വീടിൻറെ രണ്ടാം നിലയിലും കയറിയ മോഷ്ടാക്കൾ അവിടെയും വാതിൽ കുത്തിത്തുറന്ന് തിരച്ചിൽ നടത്തി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. 
തിങ്കളാഴ്ച രാത്രി 8 മാണിക്കും 10 മാണിക്കും ഇടയിലായിരുന്നു മോഷണം നടന്നത്. വീടിന് സമീപത്ത് സ്ഥിതിചെയ്യുന്ന അങ്ങാടിക്കടവ് യുപി സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു മോഷണം. വീട്ടിലുണ്ടായിരുന്ന ഇല്ലിക്കൽ ജോസിന്റെ ഭാര്യ അന്നമ്മ എട്ടുമണിയോടെ വാതിൽ പൂട്ടി സ്കൂളിൽ പരിപാടി കാണാൻ പോയതായിരുന്നു. രാത്രി 10 മണിയോടെ തിരിച്ച് എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ വീട്ടിലെ എല്ലാ വാതിലുകളും കുത്തിത്തുറന്നിട്ട നിലയിലായിരുന്നു. പൂട്ടിയിട്ട ഒരു മുറിയുടെ കട്ടിളതന്നെ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവം മനസ്സിലായ ഉടൻ കരികോട്ടക്കരി പോലീസിൽ വിവരമറിയിച്ചു. 
ഇല്ലിക്കൽ ജോസിന്റെ വീട്ടിൽ നിന്നും 500 മീറ്റർ അകലെയുള്ള കൊച്ചുവേലിക്കകത്ത് സെബാസ്റ്റ്യൻ്റ വീട്ടിലും മോഷ്ടാക്കൾ വീടിൻറെ പുറകുവശത്തെ വാതിൽ കുത്തിതുറന്നാണ് അകത്ത് കയറിയത്. വീട്ടിലെ കിടപ്പുമുറിയിൽ മേശപ്പുറത്ത് വച്ച പതിനായിരം രൂപയും, അലമാരയിൽ ഉണ്ടായിരുന്ന 33500 രൂപയും മോഷ്ടാക്കൾ കൊണ്ടുപോയി. മകളുടെ കമ്മലും സ്വർണ്ണ കുരിശും മോഷ്ടിക്കപ്പെട്ടു. വീട്ടിലെ അലമാരയും ഇതിലെ വസ്ത്രങ്ങളുമെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇല്ലിക്കൽ ജോസിന്റെ വീട്ടിൽ മോഷണം നടന്ന അതെ സമയത്തു തന്നെയാണ് സമാന രീതിയിൽ ഇവിടെയും മോഷണം നടന്നിരിക്കുന്നത്. രാത്രി 7 മണിയോടെയാണ് ഈ കുടുംബം സ്കൂൾ വാർഷികത്തിൽ പങ്കെടുക്കാൻ പോയത്. 9 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കരിക്കോട്ടക്കരി പോലീസിൽ പരാതി നൽകി. മോഷണത്തിനായി ഒരു സംഘം തന്നെ ഉണ്ടായിരുന്നതായും സൂചനയുണ്ട്. മേഖലയിലെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ്. ഡോഗ് സ്ക്വാഡും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group