Join News @ Iritty Whats App Group

ദുർമന്ത്രവാദവും കൂടോത്രവും പോലുള്ള മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ നിരോധിക്കാൻ വൈകുന്നതെന്തുകൊണ്ടെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി

സമൂഹത്തിൽ ദുർമന്ത്രവാദവും കൂടോത്രവും പോലുള്ള മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ നിരോധിക്കുന്നതിന് നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി കേരള ഹൈക്കോടതിയിൽ. ചൊവ്വാഴ്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച്, ഇത്തരമൊരു നിയമം പാസാക്കാൻ വൈകുന്നതെന്തുകൊണ്ടെന്ന് സർക്കാരിനോട് ആരാഞ്ഞു. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസിൽ വീണ്ടും വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

കേരള യുക്തിവാദി സംഘം സമർപ്പിച്ച റിട്ട് ഹർജിയിൽ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തുടർച്ചയായി കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. “നിലവിൽ, പൊതു ശിക്ഷാ നിയമത്തിൽ ഇത് നിരോധിക്കുന്നതിനോ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനോ മതിയായ നിയമങ്ങളില്ല. കർണാടകയും മഹാരാഷ്ട്രയും ഇക്കാര്യത്തിൽ നിയമം പാസാക്കിയ രണ്ട് സംസ്ഥാനങ്ങളാണ്,” അഭിഭാഷകൻ പി വി ജീവേഷ് മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.

മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ, മന്ത്രവാദം, കൂടോത്രം എന്നിവ ഇല്ലാതാക്കുന്നതിനുള്ള കേരള പ്രിവൻഷൻ ബിൽ 2019 ന്റെ (’The Kerala Prevention of Eradication of Inhuman Evil Practices, Sorcery and Black Magic Bill-2019’) നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് 2019 ലെ നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

നരബലിയും മറ്റ് മനുഷ്യത്വരഹിതവും പ്രാകൃതവുമായ ദുരാചാരങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്ത് മന്ത്രവാദവും മറ്റും നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമകൾ, സീരിയലുകൾ, ടെലിഫിലിമുകൾ എന്നിവ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജപിച്ച വെള്ളം നൽകിയും മന്ത്രവാദം ചെയ്തും രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ വ്യാപകമായ ബോധവൽക്കരണം നടത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ വർഷം നിർദേശം നൽകിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group