Join News @ Iritty Whats App Group

റോഡ് കുത്തിപ്പൊളിക്കൽ ഇനി സെപ്റ്റംബർ മുതൽ ഡിസംബര്‍ വരെ മതി; അടിയന്തര ആവശ്യമുള്ള പണികള്‍ക്ക് ഇളവ്

തിരുവനന്തപുരം: റോഡ് കുത്തിപ്പൊളിക്കാന്‍ ജലഅതോറിറ്റിക്ക് ഇനി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രമേ അനുമതി നല്‍കൂ എന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ ഉത്തരവ്. പൊതുമരാമത്ത് വകുപ്പ് പണി നടത്തിയ ഉടനെ റോഡ് കുത്തിപ്പൊളിക്കുന്നത് പതിവായതിനെത്തുടര്‍ന്നാണ് പഴയ ഉത്തരവ് പുതുക്കിയിറക്കിയത്.

എന്നാൽ, പൈപ്പ് ചോര്‍ച്ച പോലെയുള്ള അടിയന്തര ആവശ്യമുള്ള പണികള്‍ക്ക് ഇളവ് നല്‍കുമെന്നും ഉത്തരവിലുണ്ട്. പണിതിട്ട് ഒരുവര്‍ഷമായ റോഡുകള്‍ പൊളിക്കരുതെന്ന ഉത്തരവും നിലവിലുണ്ട്.

ജനുവരി മുതല്‍ മേയ്‌ വരെ പൊതുമരാമത്തിന്റെ ജോലികള്‍ നടക്കുന്നതുകൊണ്ടും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ മഴക്കാലമായതിനാലുമാണ് ജലഅതോറിറ്റിക്ക് സെപ്റ്റംബര്‍ – ഡിസംബര്‍ സമയം അനുവദിച്ചത്. ഭരണാനുമതിയുള്ളതും പണി നടന്നുകൊണ്ടിരിക്കുന്നതുമായ റോഡുകള്‍ പൊളിച്ചാല്‍ പൊതുമരാമത്ത് വകുപ്പ് നന്നാക്കും. ഇതിനായി ജലഅതോറിറ്റി പണം കെട്ടിവെക്കണം.

അതേസമയം, പണി നടക്കാത്തതും പരിപാലന കാലാവധിയുള്ളതുമായ റോഡുകള്‍ കുത്തിപ്പൊളിച്ചാല്‍ ജല അതോറിറ്റി തന്നെ അത് നേരെയാക്കണം. പരിപാലനവും ജലഅതോറിറ്റി നിര്‍വഹിക്കണം. ഏതു നിലവാരത്തിലുള്ള റോഡാണോ അതേപോലെ പണിപൂര്‍ത്തിയാക്കണം. ഇതിന് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കുകയും പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group