Join News @ Iritty Whats App Group

ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐയുടെ മറുപടി, തെളിവുകൾ പുറത്ത് വിട്ടു


കണ്ണൂർ : ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഷാജറിന്റെ പാർട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കമെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു.

കഴിഞ്ഞ ഡിസംബറിലാണ് ഡിവൈഎഫ്ഐ നേതാവ് ഷാജർ, ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ആകാശ് തില്ലങ്കേരി അംഗമായ ടീമിന് ട്രോഫി നൽകിയത്. ആകാശാണ് ഷാജറിൽ നിന്നും ട്രോഫിയേറ്റുവാങ്ങിയത്. പിന്നാലെ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. സ്വർണ്ണക്കടത്ത്, കൊലപാതക കേസിലെ പ്രതിക്ക് ഡിവൈഎഫ്ഐ നേതാവ് ട്രോഫി നൽകിയെന്ന രീതിയിൽ വ്യാപകമായി വിമർശനവും ഉയർന്നു. എന്നാൽ ഷാജറിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ടൂർണമെന്റ് സംഘടിപ്പിച്ച കമ്മറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവെന്നുമായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സമൂഹമാധ്യമങ്ങളിലും തുടരുകയാണ്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂർവ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളാണ് ഡിവൈഎഫ്ഐ പുറത്തുവിട്ടത്. 

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ആരോപണങ്ങൾ തെളിവ് സഹിതം പുറത്ത വിട്ടത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നും എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നുമാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. ആകാശിന്റെ വാക്കുകൾ വാർത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group