Join News @ Iritty Whats App Group

ശിഷ്യയെ ബലാൽസംഗം ചെയ്ത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ

അഹമ്മദാബാദ്: ശിഷ്യയെ ബലാൽസംഗം ചെയ്ത സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു(81)വിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.കെ. സോണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സൂറത്ത് സ്വദേശിനിയായ ശിഷ്യയെ 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ മൊട്ടേരയിലെ ആശ്രമത്തില്‍വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആസാറാമിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആറുപേരെ  കേസില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു.

ശിഷ്യയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 2013-ലാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവില്‍ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും  ശിക്ഷ വിധിച്ചത്. കേസിലെ വിചാരണ നടപടികള്‍ നേരത്തെ പൂര്‍‌ത്തിയായിരുന്നു.

പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നും കനത്ത പിഴ ചുമത്തണമെന്നുമായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ആര്‍.സി. കൊഡേക്കറിന്റെ വാദം.

2018-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗുജറാത്തിലെ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group