Join News @ Iritty Whats App Group

രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡന്‍റെ പേര് മാറ്റി; ഇനി 'അമൃത് ഉദ്യാൻ'

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി മുതൽ അമൃത് ഉദ്യാൻ എന്നറിയിപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്ന വേളയിൽ, രാഷ്ട്രപതി ഭവൻ ഉദ്യാനങ്ങൾക്ക് ‘അമൃത് ഉദ്യാൻ’ എന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു പൊതുവായി പേര് നൽകിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ ബ്രിട്ടീഷ് ഭരണകാലം മുതൽ അറിയപ്പെട്ടിരുന്ന മുഗൾ ഉദ്യാൻ എന്ന പേര് ഇനിയുണ്ടാകില്ല.

നവീകരിച്ച അമൃത് ഉദ്യാൻ ജനുവരി 29 ഞായറാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും, ജനുവരി 31 മുതൽ മാർച്ച് 26 വരെ രണ്ട് മാസത്തേക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകും. സാധാരണയായി, രാഷ്ട്രപതി ഭവനിലെ വിഖ്യാതമായ പൂന്തോട്ടം എല്ലാ വർഷവും ഒരു മാസത്തേക്ക്(ഫെബ്രുവരി മാസം) പൊതുജനങ്ങൾക്കായി തുറന്ന് നൽകാറുണ്ട്.

ഇത്തവണ പൊതുജനങ്ങൾക്കുള്ള സന്ദർശം രണ്ടു മാസമായി നീട്ടിയതിന് പിന്നാലെ കർഷകർ, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക് പൂന്തോട്ടം സന്ദർശിക്കാൻ അവസരം നൽകാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് നവിക ഗുപ്ത പറഞ്ഞു.

വൈവിധ്യമാർന്ന പൂന്തോട്ടങ്ങളാൽ സമ്പന്നമാണ് രാഷ്ട്രപതിഭവൻ. ഈസ്റ്റ് ലോൺ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവ ഉൾപ്പെടുന്നതാണ് അമൃത് ഉദ്യാൻ. മുൻ രാഷ്ട്രപതിമാരുടെ കാലത്ത് ഡോ. എ.പി.ജെ. അബ്ദുൾ കലാമും രാംനാഥ് കോവിന്ദും ഹെർബൽ-I, ഹെർബൽ-II, ടാക്‌റ്റൈൽ ഗാർഡൻ, ബോൺസായ് ഗാർഡൻ, ആരോഗ്യ വനം എന്നിങ്ങനെ കൂടുതൽ ഉദ്യാനങ്ങൾ രാഷ്ട്രപതിഭവൻ പൂന്തോട്ടത്തിന്‍റെ ഭാഗമായി വികസിപ്പിച്ചെടുക്കാൻ നേതൃത്വം നൽകിയിരുന്നു.

രാജ്പഥിനെ ‘കർതവ്യ പാത’ എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം ശ്രദ്ധേയമാകുന്ന പേരുമാറ്റമാണ് രാഷ്ട്രപതിഭവനിലെ പൂന്തോട്ടത്തിന്‍റേത്. കൊളോണിയൽ ഭരണകാലത്തെ അടയാളങ്ങൾ ഉപേക്ഷിക്കാനുള്ള മറ്റൊരു നീക്കമാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

Post a Comment

أحدث أقدم
Join Our Whats App Group