Join News @ Iritty Whats App Group

ക്രിമിനൽ പട്ടികയിലെ 10 പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ പിരിച്ചു വിടും; നടപടി സുനുവിനെതിരെ പ്രയോഗിച്ച വകുപ്പിൽ തന്നെ


തിരുവനന്തപുരം: കേരള പൊലീസിലെ ക്രിമിനലുകൾക്കെതിരായ നടപടി കർശനമാക്കുന്നു. സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന് പിന്നാലെ പിരിച്ചുവിടാനുള്ള 10 ഉദ്യോഗസ്ഥരുടെ പട്ടികകൂടി പൊലീസ് ആസ്ഥാനത്ത് തയാറായി. ഡിജിപി അനിൽ കാന്തിന്റെ നിർദേശപ്രകാരം ഇവരുടെ ഫയലുകൾ ഭരണവിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു തുടങ്ങി.

ഒരു ഡയറക്ട് സബ് ഇൻസ്പെക്ടർ, 7 ഇൻസ്പെക്ടർമാർ, 2 ഡിവൈഎസ്പിമാർ എന്നിവരാണ് പട്ടികയിലുള്ളത്. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അയോഗ്യരാക്കുന്ന പൊലീസ് ആക്ടിലെ സെക്‌ഷൻ 86 പ്രകാരമാണ് സുനുവിനെ പിരിച്ചുവിട്ടത്. 16 തവണ വകുപ്പുതല നടപടി നേരിട്ട സുനു 15 കേസിലും പ്രതിയാണ്.

പട്ടികയിലുള്ള അടുത്ത 10 പേരെയും ഇതേ വകുപ്പുപ്രകാരം പിരിച്ചുവിടാനാണ് തീരുമാനം. ഇവർക്കും നോട്ടിസ് അയച്ച് ഹിയറിങ് നടത്തി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കും. പിരിച്ചുവിടേണ്ടവരുടെ പട്ടികയിൽ 59 പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. ഇവരെ ഘട്ടംഘട്ടമായി പിരിച്ചുവിടാനാണ് ആലോചന. ക്രിമിനൽ പട്ടികയിലുള്ള ഗസറ്റഡ് ഓഫീസർമാർക്കെതിരെ ആദ്യവും സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ പിന്നാലെയും നടപടിയെടുക്കും.

ക്രിമിനലുകളായ പൊലീസുകാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന കർശന നിർദേശം മുഖ്യമന്ത്രിയും നൽകിയിട്ടുണ്ട്. സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും എസ്ഐമാർക്കെതിരെ ഡിഐജിക്കും സിഐമാർക്കെതിരെ ഐജിക്കും എഡിജിപിമാർക്കും ഡിവൈഎസ്പിമാർക്കെതിരെ സർക്കാരിനും പിരിച്ചുവിടൽ നടപടി സ്വീകരിക്കാം.

അപ്പീൽ നൽകേണ്ടത് തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥർക്കാണ്. അതു കഴിഞ്ഞ് സർക്കാരിനും. സർക്കാരിന് നൽകുന്നതിനു മുൻപ് ഡിജിപിക്കുകൂടി അപ്പീൽ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയും വരുത്തി. ഇനിയുള്ള പിരിച്ചുവിടൽ അധികാരപ്പെട്ട ഡിഐജി, ഐജി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരെ കൊണ്ടു ചെയ്യിക്കാനാണു തീരുമാനം. നിലവിൽ കേരള പൊലീസിലെ 828 പേർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

അതേസമയം, ക്രിമിനൽ കേസിൽ പ്രതികളായ പൊലീസുകാരെ കോടതിവിധിക്ക് കാത്തുനിൽക്കാതെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി പബ്ലിക് സർവീസ് കമ്മീഷൻ മുൻപാകെ പരിഗണനയിലുണ്ട്. പിഎസ്‌സി അംഗങ്ങൾ ഉൾപ്പെട്ട ചട്ട ഭേദഗതിക്കുള്ള ഉപസമിതി ഇതു പരിശോധിച്ച് അംഗീകരിച്ചാലുടൻ സർക്കാർ ഉത്തരവിറക്കും. മുഖ്യമന്ത്രി ഇത് അംഗീകരിച്ചു പിഎസ്‌സിക്ക് കൈമാറിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group