Join News @ Iritty Whats App Group

ഗുരുവായൂരപ്പന് ജസ്നയുടെ പുതുവര്‍ഷ സമ്മാനമായി ഉണ്ണിക്കണ്ണന്‍റെ 101 ചിത്രങ്ങള്‍

ഗുരുവായൂരപ്പന് പുതുവര്‍ഷ സമ്മാനമായി 101 ചിത്രങ്ങള്‍ സമര്‍പ്പിച്ച് കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം. കഴിഞ്ഞ എട്ട് വര്‍ഷമായി അഷ്ടമിരോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങള്‍ ജസ്ന വരച്ച് സമര്‍പ്പിക്കാറുണ്ട്. ഇത്തവണ താന്‍ വരച്ച ഉണ്ണിക്കണ്ണന്റെ 101 ചിത്രങ്ങളുമായാണ് ജസ്ന ഗുരുവായൂരിലെത്തിയത്. ചിത്രരചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളൂ. ഒന്നരയടി മുതല്‍ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള 101 ചിത്രങ്ങളാണ് ഗുരുവായൂരപ്പന് ജെസ്ന സമര്‍പ്പിച്ചത്.

അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് നാല് മാസമെടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഗുരുവായൂരിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരാള്‍ ഇത്രയുമധികം ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കുന്നത്. ‘ജീവിതത്തിലെ വലിയൊരു സ്വപ്നമാണ് ഈ നിമിഷം സാധ്യമായിരിക്കുന്നത്’- ജസ്‌ന പറഞ്ഞു.

 ദേവസ്വം ഓഫീസിലെത്തിച്ച ചിത്രങ്ങള്‍ പിന്നീട് വാഹനത്തിലാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കിഴക്കേനടയില്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കിഴക്കേനടയില്‍ ക്ഷേത്രത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ദേവസ്വം ലേലം ചെയ്യും. ചിത്ര രചന പഠിച്ചിട്ടില്ലെങ്കിലും ലഡു കഴിക്കുന്ന കണ്ണന്റെ ചിത്രം കൗതുകത്തിന് വരച്ചാണ് ജസ്‌ന ചിത്രരചന ജീവിതം തുടങ്ങുന്നത്. ഏഴ് വര്‍ഷത്തോളമായി വെണ്ണകട്ട് തിന്നുന്ന ഉണ്ണിക്കണ്ണനെ മാത്രമാണ് ജസ്‌ന വരയ്ക്കാറുള്ളത്. ഗുരുവായൂരപ്പനോടുള്ള ഇഷ്ടത്താല്‍ ചിത്രരചന തുടരുമെന്ന് ജസ്ന വ്യക്തമാക്കി. 

ഇക്കാലയളവില്‍ അറുനൂറിലേറെ ശ്രീകൃഷ്ണ ചിത്രങ്ങളാണ് ജസ്ന വരച്ചിട്ടുള്ളത്. അതിൽ, ​ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രവും പെടുന്നു. ഇസ്ലാം മതവിശ്വാസിയായ ജസ്ന തീര്‍ത്തും യാദൃശ്ചികമായാണ് കൃഷ്ണന്‍റെ ചിത്രങ്ങള്‍ വരച്ച് തുടങ്ങുന്നത്. ചെറുപ്പത്തില്‍ വീട്ടുകാര്‍ കണ്ണാ എന്നാണ് ജസ്നയെ വിളിച്ചിരുന്നത്. അപ്പോഴും കൃഷ്ണന്‍റെ ചിത്രങ്ങളോ രൂപമോ ജസ്ന കണ്ടിരുന്നില്ല. പിന്നീട് വിവാഹ ശേഷം ഭര്‍ത്താവാണ് ശ്രീകൃഷ്ണന്‍റെ ചിത്രം തനിക്ക് കാട്ടിതന്നതെന്ന് ജസ്ന പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group