Join News @ Iritty Whats App Group

മോക്ക് ഡ്രില്ലിനിടെ പുഴയിൽ മുങ്ങി അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ വെള്ളത്തില്‍ വീണ യുവാവ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമൻ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെയാണ് അന്ത്യം. സംസ്ഥാന വ്യാപകമായി ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടയിലായിരുന്നു ബിനു അപകടത്തില്‍പ്പെട്ടത്.

പടുതോട് പാലത്തിന് മുകളില്‍ പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബിനു ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിര്‍വശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ.

എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന്‍ യഥാര്‍ഥത്തില്‍ മുങ്ങിത്താണു. വെപ്രാളത്തില്‍ ഇയാള്‍ പലവട്ടം കൈകള്‍ ഉയര്‍ത്തിയെങ്കിലും അഭിനയമാണെന്നാണ് കരയില്‍ നിന്നവര്‍ കരുതിയത്. ലൈഫ് ബോയ് എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു.

മറ്റുള്ളവര്‍ ബോട്ടില്‍ പിടിച്ചുകിടക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് എന്‍ഡിആര്‍എഫിന്‍റെ മുങ്ങല്‍ വിദഗ്ധരടക്കം വേറെ ബോട്ടുകളില്‍ എത്തി. ഇരുപത് മിനിറ്റോളം നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളത്തിനടിയില്‍നിന്ന് സ്‌കൂബാ ഡൈവര്‍ അനില്‍ സാഹുവാണ് ബിനുവിനെ കണ്ടെത്തിയത്. ബോട്ടില്‍ കയറിയെങ്കിലും യന്ത്രം പ്രവര്‍ത്തിക്കാതിരുന്നതോടെ തുഴഞ്ഞും കയര്‍ കെട്ടി വലിച്ചുമാണ് ഒടുവില്‍ കരയ്‌ക്കെത്തിച്ചത്.

ആംബുലന്‍സില്‍ കയറ്റി ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. നേരിയ തോതില്‍ നാഡി സ്പന്ദനമുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനം തൃപ്തികരമായിരുന്നില്ലെന്ന് ഒപ്പം ഇറങ്ങിയവർ ആരോപിച്ചു. ആംബുലൻസിൽ ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു. വെള്ളത്തിൽ വീണവരെ രക്ഷപ്പെടുത്താനുള്ള മോക്ഡ്രില്ലാണ് കല്ലൂപ്പാറയിൽ നടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group