Join News @ Iritty Whats App Group

കോൺഗ്രസിലെ തമ്മിലടിയിൽ അതൃപ്തി; ഇനിയും കാഴ്ചക്കാരായി ഇരിക്കാനാകില്ലെന്ന് ലീഗ് നേതൃത്വം

മലപ്പുറം: നിർണായക നിയമസഭാ യോഗം ചേരാനിരിക്കെ കോൺഗ്രസിലെ തമ്മിലടി മുസ്ലിംലീഗിനെ അലോസരപ്പെടുത്തുന്നു. മലപ്പുറത്ത് ലീഗ് ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ മുഖ്യ ചർച്ചയായത് കോൺഗ്രസിലെ വിഭാഗീയതയാണ്. ശശി തരൂർ വിഷയത്തിൽ കോൺഗ്രസിലെ അഭിപ്രായ വ്യത്യാസമെല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് കോട്ടയത്ത് നിന്നും പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത്. യുഡിഎഫ് മുന്നണിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കോൺഗ്രസിലെ തർക്കങ്ങൾ വളരുകയാണ്. ഇനിയും കാഴ്ചക്കാരായി നോക്കി നിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. നിയമസഭ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യുഡിഎഫ് യോഗത്തിൽ മുസ്ലിം ലീഗ് ഇതും ഉന്നയിക്കും.

മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് എംഎൽഎമാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. നിലവിൽ തന്നെ ഗവർണർക്കെതിരായ ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങളിൽ മുസ്ലിം ലീഗിന് കോൺഗ്രസിന്റെ നിലപാടല്ല. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മുന്നണിക്ക് ഉള്ളിൽ ചർച്ച ചെയ്തു പരിഹരിക്കും എന്ന് പികെ കുഞ്ഞാലിക്കുട്ടി പറയുമ്പോൾ മുന്നണിക്കുള്ളിൽ ലീഗിന്റെ നിലപാട് ശക്തമായി തന്നെ അവതരിപ്പിക്കും എന്ന് വ്യക്തമാണ്. ഗവർണർക്ക് എതിരായ ഓർഡിനൻസ് സഭയിൽ കൊണ്ടുവരുമ്പോൾ യുഡിഎഫ് എന്ന നിലയിൽ എടുക്കുന്ന തീരുമാനം അനുസരിച്ച് വോട്ട് ചെയ്യുമെങ്കിലും സഭക്ക് അകത്തും മുന്നണിക്ക് അകത്തും ലീഗിന്റെ നിലപാട് ഉന്നയിക്കും എന്നാണ് തീരുമാനം.

സർക്കാർ കൊണ്ടുവരുന്ന ബില്ലിനെയും ഓർഡിനൻസിനെയും പിന്തുണച്ചാൽ അത് യുഡിഎഫിന് പ്രതിസന്ധിയാകും എന്നിരിക്കെ അത്തരം ഒരു തീരുമാനം എടുക്കേണ്ട എന്ന നിലപാടിലാണ് ലീഗ്. എന്നാൽ ആർഎസ്എസ് വക്താവായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൂർണമായി അംഗീകരിക്കുക വയ്യതാനും. അങ്ങനെ ഒരു സാഹചര്യത്തിൽ ആണ് ലീഗ് മേൽപറഞ്ഞ രീതിയിൽ ഉള്ള നിലപാട് എടുക്കാൻ ആലോചിക്കുന്നത്. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ സ്വപ്ന പദ്ധതി ആണ് എന്നായിരുന്നു മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാമിന്റെ പ്രസ്താവന. പദ്ധതി വരേണ്ടത് ഉണ്ട്. എന്നാൽ മത്സ്യതൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ല. എല്ലാവരെയും കേൾക്കാൻ സർക്കാർ തയ്യാറാകണം.

വി അബ്ദുറഹ്മാനെ തീവ്രവാദി എന്ന് വിളിച്ച ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിലും കോൺഗ്രസിന്റെ അഭിപ്രായമല്ല ലീഗിനുള്ളത്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. അപക്വമായ പരാമർശം എന്നതിൽ തർക്കം ഇല്ല, എന്നാൽ അതിനെതിരെ ശക്തമായ പ്രതികരണം നടത്തി രാജ്യത്തു കുഴപ്പം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വാക്കുകൾ. ചുരുക്കത്തിൽ ചേരാനിരിക്കുന്ന നിയമസഭ സമ്മേളനം ഒട്ടേറെ കാരണങ്ങൾ കൊണ്ട് യുഡിഎഫിന് ഏറെ നിർണായകം ആണ്. കോൺഗ്രസ് ലീഗ് ബന്ധത്തിന്റെ മുന്നോട്ട് പോക്കിൽ വിവാദ വിഷയങ്ങളിലെ നിലപാടുകൾ ഏറെ പ്രാധാന്യം ഉള്ളത് ആണ്.

Post a Comment

أحدث أقدم
Join Our Whats App Group