ന്യുഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ ആര് ഭരിക്കുമെന്ന് ഇന്നറിയാം. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്നു രാവിലെ ആരംഭിക്കും. ബി.ജെ.പി ഭരിക്കുന്ന ഇരുസംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്താനാണ് പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ അതിജീവനത്തിലുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഇരുമുന്നണികള്‍ക്കുമിടയിലൂടെ കടന്നുകയറി ശക്തമായ സാന്നിധ്യമാകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.
ഗുജറാത്തില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചനം. ഗുജറാത്തിലെ 182 സീറ്റുകളില്‍ 92 എണ്ണം പിടിക്കുന്നവര്‍ക്ക് അധികാരത്തിലെത്താം. ഹിമാചല്‍പ്രദേശില്‍ 68ല്‍ 35 സീറ്റുകള്‍ നേടണം. കേന്ദ്രസര്‍ക്കാരിന് ശക്തിപകരാന്‍ മോദിക്ക് വോട്ട് ചെയ്യൂ എന്ന മുദ്രാവാക്യമാണ് ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി ഉയര്‍ത്തിയത്. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളില്‍ സംസ്ഥാന നേതാക്കളെക്കാളും പ്രധാനമന്ത്രിയുടെ വലിയ ചിത്രമാണ് എല്ലായിടത്തും കാണുന്നത്. 30 ഓളം റാലികളാണ് മോദി ഗുജറാത്തില്‍ നടത്തിയത്. കോണ്‍ഗ്രസാകട്ടെ പ്രദേശിക വിഷയങ്ങളാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും അധികാരം പിടിച്ച തന്ത്രമാണ് എഎപി പയറ്റുന്നത്.
ഹിമാചല്‍ പ്രദേശില്‍ വിമതഭീഷണിയാണ് ബി.ജെ.പിക്കു മുന്നിലുള്ള വെല്ലുവിളി. ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷത്തിനുള്ള തടസ്സവും ഈ വിമതന്മാരാണ്. ഇവര്‍ എട്ട് സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പറയുന്നത്. വന്ദേഭാരത് എക്‌സ്പ്രസ്, ബിലാസ്പുരില്‍ എയിംസ് അടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ മോദി ഹിമാചലില്‍ നടത്തി. വിമത ഭീഷണി മൂലം, മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ ചിത്രങ്ങള്‍ പാര്‍ട്ടിയുടെ പല പോസ്റ്ററുകളിലും കാണാനില്ല.
മാറ്റം ആവശ്യപ്പെട്ടാണ് എഎപി ഗുജറാത്തില്‍ പ്രചാരണം നടത്തിയത്. അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനുമടക്കമുള്ള നേതാക്കള്‍ നിരവധി റാലികള്‍ നടത്തി. ഭാരത് ജോഡോ യാത്രയിലെ വിഷയങ്ങളാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തികാണിച്ചത്. രാജസ്ഥാനിലെ പാര്‍ട്ടിയിലെ ഭിന്നത ഗുജറാത്തിലെ പ്രചാരണത്തെ വരെ ബാധിച്ചുവെന്നാണ് സൂചന.
إرسال تعليق