Join News @ Iritty Whats App Group

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇനി ഒരേസമയം രണ്ടു കോഴ്സുകള്‍ പഠിക്കാം



കണ്ണൂര്‍: ഒരേസമയത്ത് രണ്ട് ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാന്‍ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

പുതുതലമുറ കോഴ്സുകള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. 

മംഗലാപുരം സര്‍വകലാശാല, അമൃത വിശ്വവിദ്യാപീഠം, ഡക്കാന്‍ കോളജ് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുണെ, സര്‍ക്കത്തുള്ള വിശ്വവിദ്യാലയ (ഭോപാല്‍) എന്നിവിടങ്ങളിലെ വിവിധ കോഴ്സുകള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ സമാന കോഴ്സുകള്‍ക്ക് തത്തുല്യമായി അംഗീകരിച്ചു. 

ബിരുദതല കരിക്കുലം പരിഷ്കരണ വേളയില്‍ ഇന്റേണ്‍ഷിപ്/അപ്രന്റിസ്ഷിപ് എന്നിവ ഉള്‍പ്പെടുത്തും. പുതിയ കരിക്കുലം പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിരുദതലത്തില്‍ വൃദ്ധജന പരിപാലനം പഠനത്തിന്റെ ഭാഗമാക്കും. മറ്റു സര്‍വകലാശാലകളുടെ ബിരുദങ്ങള്‍ അംഗീകരിക്കും. പുതുതലമുറ കോഴ്സുകള്‍ക്ക് പി.എസ്.സി അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകള്‍ വ്യത്യസ്ത ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി പുനഃപരിശോധിക്കാനും യോഗം തീരുമാനിച്ചു.

ജോലിക്കായുള്ള പരീക്ഷക്ക് ഹിന്ദി നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയെയും യുക്തിബോധത്തെയും വര്‍ഗീയവത്കരിക്കുന്നതിനിടയാക്കുംവിധം ചരിത്രനിരാസം നടത്തുന്നതില്‍നിന്ന് കേന്ദ്ര ഭരണാധികാരികളും യു.ജി.സി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളും പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പ്രോ. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group