Join News @ Iritty Whats App Group

ജി20 ഉച്ചകോടി : 'ഊഴമനുസരിച്ച് ഇന്ത്യക്ക് ലഭിച്ച അവസരം ബിജെപി ഹൈജാക്ക് ചെയ്യുന്നു', വിമർശവുമായി പ്രതിപക്ഷം


ദില്ലി : ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ജെഡിയുവും ബഹിഷ്ക്കരിച്ചേക്കും. ഉച്ചകോടിയെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപത്തില്‍ ടിആര്‍എസും വിട്ടു നില്‍ക്കും. ഊഴമനുസരിച്ച് ഇന്ത്യക്ക് കിട്ടിയ അവസരത്തെ മോദിയുടെ നേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുകാണെന്ന് സിപിഐയും വിമര്‍ശിച്ചു. 

സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഉച്ചകോടിയുടെ നയരൂപീകരണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ വൈകീട്ട് നടക്കുന്ന യോഗത്തിലേക്ക് നാല്‍പത് പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ക്ക് ക്ഷണമുണ്ട്. യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്മാരെന്ന പദവിയില്‍ മമത ബാനര്‍ജി, സ്റ്റാലിന്‍, നവീന്‍ പട്നായിക്ക് എന്നീ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. തെലങ്കാനയിലെ പോരില്‍ ഉച്ചകോടി ബഹിഷ്കക്കരിച്ചതായി ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചിരുന്നു. 

ഉച്ചകോടിയുടെ ലോഗോ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്ന ആക്ഷേപം ഉന്നയിച്ച ജെഡിയുവും യോഗം ബഹിഷ്ക്കരിച്ചേക്കുമെന്നാണ് വിവരം. ജെഡിയു ചെയര്‍മാനായ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ സര്‍ക്കാര്‍ പരിപാടികളിലാണ്. നിതീഷ് കുമാറിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഉച്ചകോടിക്കെത്തുമോയെന്നതില്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് പാര്‍ലെമെന്‍ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമടക്കം സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെങ്കിലും ഉച്ചകോടിയെ രാഷ്ട്രീയായുധമാക്കാനുള്ള നീക്കത്തെ എതിര്‍ക്കും. 

ഉച്ചകോടിക്ക് മുന്നോടിയായി രാജ്യമൊട്ടാകെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആദ്യത്തേത് രാജസ്ഥാനിലെ ഉദയ് പൂരില്‍ തുടരുകയാണ്. ഇന്ത്യയിലെ ഷെര്‍പ അമിതാഭ് കാന്തിന്‍റെ അധ്യക്ഷതയിലാണ് യോഗം പുരോഗമിക്കുന്നത്. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള സുസ്ഥിര വികസനമെന്ന വിഷയത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. 200 യോഗങ്ങളിലൊന്ന് കേരളത്തിലും നിശ്ചയിച്ചിട്ടുണ്ട്.  

Post a Comment

أحدث أقدم
Join Our Whats App Group