Join News @ Iritty Whats App Group

മണ്ഡലകാലത്തിനായി ശബരിമല നട ബുധനാഴ്ച തുറക്കും; കോവിഡ് നിയന്ത്രണം നീക്കിയശേഷമുള്ള ആദ്യതീര്‍ത്ഥാടനകാലം


മണ്ഡലകാലത്തിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ശബരിമല ക്ഷേത്ര നട നാളെ തുറക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും കോവിഡ് മഹാമാരിയും കവർന്ന നാലുവർഷങ്ങൾക്കുശേഷമെത്തുന്ന തീർത്ഥാടന കാലത്ത് ഭക്തജനങ്ങളുടെ വലിയ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറക്കുക. ദർശനത്തിന് വെർച്വൽ ക്യു ബുക്ക് ചെയ്യാൻ കഴിയാത്ത തീർഥാടകർക്ക് സ്പോട് ബുക്കിങ് നടത്താം.
കെഎസ്ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും. സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും. പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ്‌ (ഇഎംസി) സജ്ജീകരിക്കുന്നത്‌. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏർപ്പെടുത്തിയിട്ടുണ്ട്.

തീർത്ഥാടന ഒരുക്കങ്ങൾ സജീവമാണ്. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാർ എത്തിത്തുടങ്ങി. കളക്ടർ ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി ശുചീകരണത്തിനു നിയോഗിച്ച വിശുദ്ധി സേനാംഗങ്ങൾ കഴിഞ്ഞ ദിവസം എത്തി.

ഇത്തവണ 3 കാനനപാതകളും തുറക്കും. എരുമേലി പേട്ടതുള്ളി കാൽനടയായി തീർത്ഥാടകർ എത്തുന്ന കരിമല പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തെളിച്ചു. നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ല് പാകി നവീകരിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. 13 കേന്ദ്രങ്ങളിലായി സ്പോട്ട് ബുക്കിങ് സൗകര്യവുമുണ്ടാകും.

Post a Comment

أحدث أقدم
Join Our Whats App Group