Join News @ Iritty Whats App Group

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാം, പകരം മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും നിയമിക്കാം; സര്‍ക്കാരിന് നിയമോപദേശം



കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് മുതിര്‍ന്ന ഭരണഘടന വിദഗ്ധരില്‍നിന്ന് നിയമോപദേശം. ഗവര്‍ണര്‍ക്ക് പകരം വകുപ്പ് മന്ത്രിമാരെ ചാന്‍സലറായി നിയമിക്കുക എന്നതാണ് നിയമോപദേശത്തിലെ ഒരു ശുപാര്‍ശ. അതല്ലെങ്കില്‍ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ചാന്‍സലറുടെ താത്കാലിക ചുമതല വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് കൈമാറാം.

മുന്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. ചാന്‍സലര്‍മാരാകുന്ന വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് ശമ്പളം ഉള്‍പ്പടെയുള്ള പ്രതിഫലം നല്‍കില്ല. അധികസാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദേശമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണറെ സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ബില്ല് കൊണ്ടുവരാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ബില്ല് കൊണ്ടുവരാനാണ് ആലോചന.

 നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് നീക്കം.ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകും എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേ സമയം സഭ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.

Post a Comment

أحدث أقدم
Join Our Whats App Group