Join News @ Iritty Whats App Group

നിർബന്ധിത മതപരിവർത്തനം അപകടകരം; രാജ്യസുരക്ഷയെ ബാധിക്കും: സുപ്രീംകോടതി


നിർബന്ധിത മതപരിവർത്തനം അപകടകരമാണെന്നും അത് രാജ്യത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി. ഈ വിഷയം കൈകാര്യം ചെയ്യാൻ ഗൗരവമുള്ളതും ആത്മാർത്ഥവുമായ ശ്രമങ്ങൾ നടത്തണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
"നിർബന്ധിത മതപരിവർത്തനം ഗുരുതരമായ ഒരു പ്രശ്നമാണ്. അത് രാജ്യത്തിന്റെ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും ബാധിച്ചേക്കാം. ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ ഉള്ള ഇത്തരം നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്രസർക്കാരും ബന്ധപ്പെട്ട അധികൃതരും കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം'', സുപ്രീംകോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ എന്തു നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എം ആർ ഷാ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

നിർബന്ധിത മതപരിവർത്തനങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിർബന്ധിത മതപരിവ‍ർത്തനം പൗരന്മാരെ സാരമായി ബാധിക്കുന്നുണ്ടെന്നും രാജ്യത്ത് മതപരിവർത്തനം നടക്കാത്ത ഒരു ജില്ല പോലും ഇല്ലെന്നും ഉപാധ്യായ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും, സമ്മാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നൽകിയും, വശീകരിച്ചും, മന്ത്രവാദം, അന്ധവിശ്വാസം എന്നിവ ഉപയോഗിച്ചും മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ മിക്കവാറും എല്ലാ ആഴ്ചയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

എന്തുകൊണ്ടാണ് ഈ ഹർജിയിൽ പ്രതികരിക്കാത്തതെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. ''എല്ലാവർക്കും മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് ബലപ്രയോഗത്തിലൂടെ ആകരുത്. സെപ്തംബർ 23ന് കേന്ദ്രസർക്കാരിൽ നിന്നും ബന്ധപ്പെട്ട മറ്റുള്ളവരിൽ നിന്നും ഈ ഹർജിയിൽ കോടതി പ്രതികരണം തേടിയിരുന്നു'', ബെഞ്ച് കൂട്ടിച്ചേർത്തു.

ഇത്തരം നിർബന്ധിത മതപരിവർത്തനങ്ങൾ പരിശോധിക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തണണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബെഞ്ച് ആവശ്യപ്പെട്ടു.''രാജ്യത്ത് മതസ്വാതന്ത്ര്യമുണ്ട്. പക്ഷേ നിർബന്ധിത മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യമില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചത്? എന്തു നടപടിയാണ് നിങ്ങൾ സ്വീകരിക്കാൻ നിർദ്ദേശിക്കുന്നത്? നിങ്ങളുടെ നിലപാട് വ്യക്തമാക്കണം. മതപരിവർത്തനത്തിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. പക്ഷേ അത് നിർബന്ധിത മതപരിവർത്തനത്തിനുള്ള അവകാശമല്ല'', സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്തിരുന്നു എന്നും ഇത്തരം മതപരിവർത്തനങ്ങൾ വർദ്ധിക്കുന്നതായും തുഷാർ മേത്ത പറഞ്ഞു. ചില സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും സുപ്രീം കോടതി ഇത് ശരിവച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആളുകളെ മതപരിവർത്തനം ചെയ്യുന്നതിനായി ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ അരിയും മറ്റും നൽകിയ സംഭവങ്ങളും തുഷാർ മേത്ത പരാമർശിച്ചു. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം എന്നായിരുന്നു സുപ്രീം കോടതി ബെഞ്ചിന്റെ പ്രതികരണം.

നവംബർ 22-നകം ഇക്കാര്യത്തിൽ ഒരു മറുപടി അറിയിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹർജി നവംബർ 28 ലേക്ക് വാദം കേൾക്കാനായി മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group