Join News @ Iritty Whats App Group

വൈദ്യുതി വിച്ഛേദിക്കുമെന്ന് സന്ദേശമയച്ച് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് ; ജാർഘണ്ഡ് സ്വദേശി പിടിയില്‍


ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ ഉത്തരേന്ത്യക്കാരൻ പിടിയിൽ. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടേ മുക്കാൽ ലക്ഷം രൂപ തട്ടിയ ജാർഘണ്ഡ് സ്വദേശി കിഷോർ മഹതോയാണ് പിടിയിലായത്. കെഎസ്ഇബി ബില്ലിൽ കുടിശിക അടയ്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സെപ്തംബർ 26 നാണ് കേസിനാസ്പദമായ സംഭവം

24 മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുമെന്നുമുള്ള സന്ദേശം ചെട്ടിക്കുളങ്ങര സ്വദേശിയുടെ വാട്ട്സ് ആപ്പിലേക്ക് എത്തിയതാണ് തട്ടിപ്പിന്റെ തുടക്കം. കെഎസ്ഇബി കൺട്രോൾ കമ്മീഷനിലേതെന്ന് സൂചിപ്പിച്ചു കൊണ്ട് ലോഗോയോടു കൂടിയ വ്യാജ ബില്ലും അയച്ചു നൽകി. കുടിശിഖ തുക ജാർഖണ്ഡ് സ്വദേശി നൽകിയ നമ്പറിലേക്ക് ഉടൻ അയച്ചു നൽകാനായിരുന്നു നിർദേശം. കുടിശ്ശിഖ തുകയെന്ന് ബില്ലിൽ സൂചിപ്പിപ്പിച്ചിരുന്ന 625 രൂപ തട്ടിപ്പിനിരയായ ചെട്ടിക്കുങ്ങര സ്വദേശി നൽകി. പണം നൽകി പത്ത് മിനിട്ടുള്ളിൽ തട്ടിപ്പിനിരയായ ആളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ നഷ്ടമാവുകയായിരുന്നു.

പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങളും മറ്റ് രേഖകളും പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. ലക്ഷകണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പുകളിലെ പ്രാധാനിയാണ് അറസ്റ്റിലായ കിഷോർ മഹതോ. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലെ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. 

നേരത്തെ ഓണ്‍ലൈൻ വഴി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് സോജനെയാണ് തിരുവനന്തപുരം സൈബർ പൊലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന് കോടികളുടെ ഇടപാടുകളുടെ തെളിവുകള്‍ ലഭിച്ചത്. ആമസോണിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ വെബ് സൈറ്റ് വഴിയായിരുന്ന തട്ടിപ്പ്. ജോലി വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് സന്ദേശം ലഭിക്കുന്നത്. ഓണ്‍ലൈൻ വഴി സാധനങ്ങൾ കച്ചവടം ചെയ്ത് വീട്ടിലിരുന്നും പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം.

Post a Comment

أحدث أقدم
Join Our Whats App Group