Join News @ Iritty Whats App Group

ആറളത്ത് ശ്മശാന ഭൂമിയിൽ നിന്നും മരം കൊള്ളക്ക് നീക്കം; ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി കൂറ്റൻ മരങ്ങൾ മുറിച്ചിട്ട നിലയിൽ

ഇരിട്ടി: ആറളത്ത് വൻ മരം മുറി വിവാദം കനക്കുന്നു. നവീകരണ പ്രവർത്തിക്കിടയിൽ പൊതു ശ്മശാന ഭൂമിയിൽ നിന്നും വൻ മരം കൊള്ളയ്ക്കുള്ള നീക്കമാണ് നടന്നത്. പഞ്ചായത്തിലെ വീർപ്പാട് തൊത്തുമ്മലിൽ ഉടൻ പ്രവർത്തനം തുടങ്ങാനിരിക്കുന്ന പൊതുശ്മശാനത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നാണ് മരം മുറി നടന്നത്. ശ്മശാന ഭൂമിയിലെ 75 സെൻറ് സ്ഥലത്തുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന മുപ്പതോളം മരങ്ങൾ ആണ് മുറിച്ചതായി പരാതി ഉയർന്നത്. കുന്നി, ഇരുമ്പ് കുന്നി, മഹാഗണി, മരുത്, ഇരൂൾ എന്നീ മരങ്ങളാണ് മുറിച്ചത്. മരങ്ങൾ വിവിധ കഷണങ്ങളാക്കിയിട്ട നിലയിലാണ്. ഇതിൽ ഒരു ഭാഗം കഴിഞ്ഞ ദിവസം കോമ്പൗണ്ടിന് പുറത്ത് റോഡരികിൽ കടത്തിക്കൊണ്ടു പോകാൻ വിധത്തിൽ കൂട്ടിയിട്ട നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം ശ്മശാനത്തിന്റെ നവീകരണ പ്രവ്യത്തി വിലയിരുത്താൻ എത്തിയ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളാണ് മരങ്ങൾ മുറിച്ച് കഷണങ്ങളാക്കി കടത്തിക്കൊണ്ടുപോകാൻ തക്കവണ്ണം ഇട്ട നിലയിൽ കാണുന്നത്. മരം മുറി ഇവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവിധ കഷണങ്ങളാക്കിയ മരങ്ങൾ വീണ്ടും ശ്മശാന കോമ്പൗണ്ടിനുള്ളിലേക്ക് കൊണ്ടിട്ടതായും പറയുന്നു. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആറളം പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഈ പ്രശ്‌നം ഉയർന്നെങ്കിലും അന്വേഷണം നടത്തി വിശദമായ നടപടിയെടുക്കാമെന്ന് സെക്രട്ടറിയും പ്രസിഡന്റും ഉറപ്പുനൽകിയതായും അംഗങ്ങൾ പറഞ്ഞു. നവീകരണത്തിന്റെ മറവിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമം ഉണ്ടായത്. തങ്ങൾ അനുമതി നല്കിയിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും യോഗത്തെ അറിയിച്ചതെന്നും അവർ പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ജോസ് അന്ത്യംകുളം, വത്സ ജോസ്, ജോർജ് ആലംപള്ളി, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ, ജെസ്സി ഉമ്മിക്കുഴി, കെ . പി. സലീന, മാർഗരറ്റ്, നാസർ ചാത്തോത്ത് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിക്ക് പരാതി നൽകി. മരംമുറിയെ സംബന്ധിച്ച് ക്രമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും 49 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തി നടക്കുന്നതുമായി ബന്ധപ്പെട്ട് ജനറേറ്ററിന് ഭീഷണിയായതും ഉണങ്ങി അപകടാവസ്ഥയിലുമായ ഏതാനും മരങ്ങൾ മുറിച്ച് സ്ഥലത്ത് കൂട്ടിയിട്ടുണ്ട് എന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ലേലം ചെയ്യുമെന്നും ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ . പി. രാജേഷ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group