Join News @ Iritty Whats App Group

കോട്ടയത്ത് നിന്ന് ഇടുക്കി വരെ ഓടിയിട്ടും പൂജ്യം കി.മീ; സ്പീഡോ മീറ്റര്‍ കേബിള്‍ അഴിച്ചുവച്ച കാറിന് ലക്ഷം പിഴ


ഇടുക്കി: കോട്ടയത്ത് നിന്ന് ഇടുക്കിയിലെ ഉപഭോക്താവിനെ കാണിക്കാനായി കൊണ്ടു വന്ന കാറിന്‍റെ സ്പീഡോ മീറ്ററില്‍ കാണിച്ചത് 'പൂജ്യം' കിലോ മീറ്റര്‍. ഇടുക്കിയിലെ കുമളിയിലെത്തിയ കാര്‍ തിരിച്ച് പോകും വഴി മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. കാറിന്‍റെ സ്പീഡോ മീറ്റര്‍ ഊരിമാറ്റി ഓടിച്ചതിന് എംവിഡി ഡീലര്‍ക്ക് ഒരു ലക്ഷം പിഴ ചുമത്തി. 

കോട്ടയത്തെ കാഞ്ഞിരപ്പള്ളിയിലെ വിപണന കേന്ദ്രത്തില്‍ നിന്ന് ഇടുക്കിയിലെ കുമളിയിലെ ഉപഭോക്താവിനെ കാണിക്കാനായിരുന്നു ഡീലര്‍ കാറുമായെത്തിയത്. തുടര്‍ന്ന് ഉപഭോക്താവിനെ വാഹനം കാണിച്ച ശേഷം തിരികെ കോട്ടയത്തേക്ക് മടങ്ങും വഴിയാണ് എംവിഡിയുടെ പരിശോധനയില്‍ വാഹനത്തിലെ തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയത്ത് നിന്ന് കുമളിവരെയും അവിടെ നിന്നും തിരിച്ച് ഇറങ്ങിയിട്ടും സ്പീഡോ മീറ്ററില്‍ കിലോമീറ്റര്‍ രേഖപ്പെടുത്തുന്നിടത്ത് പൂജ്യമായിരുന്നു കാണിച്ചിരുന്നത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്പീഡോ മീറ്ററിന്‍റെ കേബിള്‍, ഡീലര്‍ അഴിച്ച് മാറ്റിയതായി തെളിഞ്ഞു. മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് മോട്ടോര്‍ വാഹന നിയമ ലംഘന ശിക്ഷാ നിയമ പ്രകാരം 1,03,000 രൂപ പിഴ ചുമത്തിയ ശേഷം വാഹനം എംവിഡി ഡീലര്‍ക്ക് വിട്ടുനല്‍കി. കിലോ മീറ്ററോളം ഓടിയ വാഹനങ്ങള്‍ പുതിയ വാഹനമെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നത് നിയമ വിരുദ്ധവും വഞ്ചനയുമാണെന്ന് എംവിഡി പറഞ്ഞു. മോട്ടോര്‍വാഹന വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്‍റ് എം വി ഐ വി.അനില്‍കുമാര്‍, എ.എം.വി.ഐ. എസ്.എന്‍.അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് വാഹനത്തിലെ നിയമ ലംഘനം പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group