Join News @ Iritty Whats App Group

കെ.സുധാകരനെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് ആരും കരുതേണ്ട; പിന്തുണയുമായി കണ്ണൂര്‍ ഡി.സി.സി


കണ്ണൂർ:വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പിന്തുണയുമായി കണ്ണൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി.

കണ്ണൂരില്‍ കെ. സുധാകരന്‍ നടത്തിയ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സ്വന്തം നാടായ കണ്ണൂരില്‍നിന്ന് പാര്‍ട്ടിയുടെ പിന്തുണ. വര്‍ഗീയ, രാഷ്ട്രീയ ഫാഷിസത്തെ എക്കാലവും എതിര്‍ത്ത, ശക്തമായ നിലപാട് സ്വീകരിക്കുന്ന സുധാകരനെ ഒറ്റപ്പെടുത്തി വേട്ടയാടാമെന്ന് ആരും കരുതേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ വിവാദം അവസാനിക്കും മുമ്ബാണ് വര്‍ഗീയ ഫാഷിസത്തോട് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സന്ധി ചെയ്തുവെന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ കെ.സുധാകരന്‍ പ്രസംഗിച്ചത്.

എന്നാല്‍, നവോത്ഥാന സദസ്സില്‍ സുധാകരന്റെ പ്രസംഗം ആര്‍.എസ്.എസിനെ വെള്ളപൂശിയുള്ളതായിരുന്നില്ലെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് അവകാശപ്പെട്ടു. വര്‍ഗീയ ഫാഷിസ്റ്റ് സംഘടനയായി തന്നെയാണ് ആര്‍.എസ്.എസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ഇടം നല്‍കി ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്റു തയാറായെന്ന ചരിത്ര സത്യം തുറന്നുപറഞ്ഞതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനം ചെയ്ത് സുധാകരനുമേല്‍ സംഘ്പരിവാര്‍ ചാപ്പ കുത്താന്‍ ശ്രമിക്കുന്നത് ബോധപൂര്‍വമാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ അവമതിക്കാനും അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് ഒരു കൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച്‌ സി.പി.എമ്മും സംഘ്പരിവാറും ശ്രമിക്കുന്നത്. കൃത്യമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പിണറായി സര്‍ക്കാര്‍ നേരിടുന്ന അഴിമതിയും ബന്ധുനിയമനവും സ്വജനപക്ഷപാതവും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Post a Comment

أحدث أقدم
Join Our Whats App Group