Join News @ Iritty Whats App Group

മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല; വി.ഡി സതീശന്‍


കണ്ണൂര്‍ വി.സിയുടെ നിയമനം അനധികൃതമാണെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചിട്ടും ഇതുവരെ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റുകള്‍ പോലെ പ്രവര്‍ത്തിക്കുന്നതും കേരള സര്‍വകലാശാല വിസി നിയമനത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാത്തതും സര്‍ക്കാരിന്റെ വീഴ്ചയാണ്. എന്നാല്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകളുടെ പേരില്‍ മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അതീതമായ ശക്തിയല്ല. ഭരണഘടനയില്‍ ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും സ്ഥാനത്തെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. അല്ലാതെ ഗവര്‍ണര്‍ക്ക് ഇഷ്ടമില്ലെന്നു കരുതി അദ്ദേഹത്തിന്റെ പ്ലഷര്‍ ഉപയോഗിച്ച്‌ മന്ത്രിമാരെയൊന്നും പിന്‍വലിക്കാനാകില്ല. ഗവര്‍ണര്‍ നടക്കാത്ത കാര്യങ്ങളെ കുറിച്ച്‌ പറയുകയല്ല വേണ്ടത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച്‌ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു തര്‍ക്കവുമില്ല. തര്‍ക്കങ്ങളെല്ലാം അവസാനിക്കുമ്ബോഴും നിയമവിരുദ്ധമായി നിയമിച്ച ഒരു വി.സി അതേ പദവിയില്‍ തുടരുകയാണ്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി തയാറാകുന്നില്ല. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവും സംസ്ഥാനത്തെ സി.പി.എം നേതൃത്വവും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതിനിടയില്‍ ഗവര്‍ണറുമായി യുദ്ധം ചെയ്യാനൊന്നും സംസ്ഥാന സര്‍ക്കാര്‍ പോകില്ല. സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സി.പി.എം നേതാക്കളാണ് ഗവര്‍ണറെ കുറ്റം പറയുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വെറും തമാശയാണ്. ഒരു ഭരണഘടനാ പ്രശ്നവും ഇവരുടെ തര്‍ക്കത്തിലില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവര്‍ണര്‍ കാണുന്നില്ല. പിന്നെ സര്‍വകലാശാലകളില്‍ എന്ത് ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നത്. സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നല്‍കാത്ത കേരള സര്‍വകലാശാല വി.സിക്കെതിരെ എന്ത് നടപടിയാണ് എടുത്തത്? വിഷയങ്ങളില്‍ നിന്നും മാറിപ്പോകുന്നതിന് വേണ്ടി വെറുതെ ഉണ്ടാക്കുന്ന വിവാദമാണിത് അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم
Join Our Whats App Group