Join News @ Iritty Whats App Group

പാര്‍ട്ടിയില്‍ അന്തിമാധികാരം അദ്ധ്യക്ഷന്, എന്റെ റോള്‍ ഖാര്‍ഗെ തീരുമാനിക്കും: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അന്തിമാധികാരം അദ്ധ്യക്ഷനായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ പുതിയ തീരുമാനങ്ങള്‍ പുതിയ അദ്ധ്യക്ഷന്റേതായിരിക്കും. അതില്‍ എന്റെ അഭിപ്രായങ്ങള്‍ ഉണ്ടാകില്ല. എന്റെ പ്രവര്‍ത്തന മണ്ഡലം പുതിയ അദ്ധ്യക്ഷന്‍ തീരുമാനിക്കും. ഖാര്‍ഗേയും തരൂരും മിടുക്കരാണ്. കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ഹതയും കഴിവും ഉള്ളവരാണ് ഇരുവരുമെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെ വിജയിച്ചത്. തരൂരിന് 1072 വോട്ട് നേടാനായി. 12 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ തരൂരിനായപ്പോള്‍ 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 416 വോട്ടുകള്‍ അസാധുവായി.

ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എഐസിസി നേതൃസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താത്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group