Join News @ Iritty Whats App Group

നടപ്പാലത്തിൽ നിന്നും വീണ് മരണം - ഉരുപ്പുംകുണ്ട് തോടിനു കുറുകെ കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യം ശക്തമാകുന്നു

  ഇരിട്ടി: ആറളം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഉരുപ്പുംകുണ്ടിനേയും പന്ത്രണ്ടാം വാർഡ് കല്ലറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തോടിന് കുറുകേ പാലം പണിയണമെന്ന ആവശ്യം ശക്തമാവുന്നു. നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന ഇരു പ്രദേശത്തെയും ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാൻ തോടിന് മുറുകെ നാട്ടുകാർ തന്നെ വൈദ്യുതി - ടെലിഫോൺ തൂണുകൾ ചേർത്ത് വെച്ച് നിർമ്മിച്ച രണ്ടടിമാത്രം വീതിയുള്ള നടപ്പാലമാണ് ഇപ്പോൾ ഉള്ളത്. ഈ പാലത്തിലൂടെ കടക്കുന്നതിനിടയിലാണ് ബുധനാഴ്ച ആദിവാസി വയോധിക ചുണ്ട തോട്ടിൽ വീണ് മരിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് മറ്റൊരാളും സമാനമായ രീതിയിൽ മരണപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. വെള്ളരിവയൽ കോളനിയിലെ 11 കുടുംബങ്ങളിലെ ആദിവാസികളും കോളനിക്ക് സമീപത്തെ നിരവധി വീട്ടുകാരും ഈ പാലത്തിലൂടെയാണ് പന്ത്രണ്ടാം വാർഡ് കല്ലറ പ്രദേശവുമായി ബന്ധപ്പെടുന്നത്. പ്രദേശത്തെ നിരവധി ക്ഷീര കർഷകർ പാൽ അളക്കുന്നതും കല്ലറയിലെ ക്ഷീരോൽപാദന സഹകരണ സംഘത്തിലാണ്. ആറളം പഞ്ചായത്തിലെ 11, 12, 15 വാർഡുകളിലെ നൂറുകണക്കിന് പാടശേഖരങ്ങൾക്ക് വെള്ളം എത്തുന്നതും ഈ തോടു വഴിയാണ്. രണ്ട് അപകടങ്ങൾ ഉണ്ടായിട്ടും കോൺക്രീറ്റ് പാലം നിർമ്മിക്കുവാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ ആവർത്തിക്കുന്നതിനാൽ എത്രയും പെട്ടെന്ന് കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group