Join News @ Iritty Whats App Group

പ്രവാസികൾക്ക് പെൻഷൻ; സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി കെഎംസിസി


റിയാദ്: കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നു. മരണവും രോഗങ്ങളും കൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തുണയായ 'സാമൂഹ്യ സുരക്ഷാ പദ്ധതി'യുടെ പത്താം വാര്‍ഷിക ഉപഹാരമായി മുന്‍കാലങ്ങളിൽ സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് 'ഹദിയത്തു റഹ്മ' എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, 2018 ന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽ നിന്നും ആറ് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരോ ആയ നിലവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെൻഷന് അർഹത ഉണ്ടാവുക. ഇപ്രകാരം അർഹത നേടുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ അടുത്ത വർഷം മാർച്ച് മുതൽ പ്രതിമാസം 2,000 രൂപയാണ് പെൻഷനായി നിക്ഷേപിക്കുക. 

സൗദി നാഷണല്‍ കെ.എം.സി.സി കമ്മറ്റിക്ക് കീഴിലുള്ള 35 സെന്‍ട്രല്‍ കമ്മറ്റികള്‍ മുഖേനയാണ് ‘ഹദിയത്തു റഹ്മ' പദ്ധതി നടപ്പിലാക്കുന്നത്. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ശേഷം അർഹരായവർക്ക് മാര്‍ച്ച് മുതല്‍ പദ്ധതിപ്രകാരം പെൻഷൻ വിതരണം ആരംഭിക്കും. 

കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് ‌വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group