Join News @ Iritty Whats App Group

സ്‌കൂളുകള്‍ വിനോദയാത്രാ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം, ബസിന്‍റെ വിവരങ്ങള്‍ കൈമാറണം: മന്ത്രി ആന്റണി രാജു



സ്‌കൂളുകള്‍ വിനോദയാത്രാ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കാറിനെ മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും സമഗ്രഅന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കുന്ന സ്‌കൂള്‍ അധികൃതര്‍, സാധാരണഗതിയില്‍ ബസ് ഡ്രൈവര്‍മാരുടെ പശ്ചാത്തലം മനസ്സിലാക്കാറില്ല. ഇത്തരം ബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍, ബസിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയാല്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം, അനുഭവപരിചയം തുടങ്ങിയ കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് മനസ്സിലാക്കാനും അത് കൈമാറാനും കഴിയും

ഇനിമുതല്‍ വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ നേരത്തെ അതത് മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. അത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടതുള്ളൂ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീരുമാനിക്കും മന്ത്രി പറഞ്ഞു.

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടതിന് കാരണം ബസിന്റെ അമിത വേഗതയെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പനനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് പറഞ്ഞു. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്നും ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയതെന്നും സുമേഷ് പറഞ്ഞു.

ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ഏറെ ക്ഷീണിതനായിരുന്നെന്ന് രക്ഷിതാക്കല്‍. വിയര്‍ത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസില്‍ കണ്ടത്. സംശയം തോന്നിയതിനാല്‍ ശ്രദ്ധിച്ച് പോകണമെന്ന് വിനോദയാത്ര സംഘത്തിലെ കുട്ടിയുടെ അമ്മ ഡ്രൈവറോട് പറഞ്ഞു. ഭയക്കേണ്ടെന്നും രണ്ട് ഡ്രൈവര്‍ ഉണ്ടെന്നുമായിരുന്നു മറുപടി.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് ബസ് കുട്ടികളുമായി ഊട്ടിയ്ക്ക് തിരിച്ചത്. പറഞ്ഞതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ് സ്‌കൂളിലെത്തിയത്. അഞ്ച് മണിയ്ക്ക് പുറപ്പെടേണ്ട ബസ് ഏഴ് മണിയ്ക്കാണ് ഊട്ടിയ്ക്ക് തിരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group