Join News @ Iritty Whats App Group

വെബ് സീരീസെന്ന പേരിൽ അശ്ലീല ചിത്രം; സംവിധായികയ്ക്കും നിർമ്മാതാവിനും എതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ സംവിധായികയ്ക്കും നിർമ്മാതാവിനുമെതിരെ പൊലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.
സംഭവത്തിൽ ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കുമെതിരെ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും യുവാവ് പരാതി നൽകിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ദീപാവലി ദിനത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. അങ്ങനെ സംഭവിച്ചാൽ കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ തലയുയർത്തിപ്പിടിച്ച് നടക്കാനാവില്ലെന്നും താൻ ആത്മഹത്യയു​ടെ വക്കിലാണെന്നും വെങ്ങാനൂർ സ്വദേശിയായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തിയാണ് തന്നെ അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചതെന്ന് ഇയാൾ പറയുന്നു. വെബ്സീരീസിൽ അവസരം വാഗ്ദാനം ചെയ്ത് ചതിക്കുകയായിരുന്നുവത്രെ. ഒടിടി വെബ്സീരീസിന് നായകനെ തേടുന്നുവെന്ന വിവരമറിഞ്ഞാണ് യുവാവ് ഇവരെ ബന്ധപ്പെട്ടത്. അരുവിക്കരയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഒരുകിലോമീറ്ററോളം ഉൾഭാഗത്തുള്ള വില്ലയിലായിരുന്നു ഷൂട്ടിങ്.

ആദ്യം തിരക്കഥ വായിച്ചു കേൾപ്പിച്ചു. കുറച്ച് സീനുകൾ ഷൂട്ട് ചെയ്തു. അതിലൊന്നും അശ്ലീല ചിത്രത്തിന്റെ സൂചന ഇല്ലായിരുന്നു. പിന്നാലെ ഒരു കരാറിൽ ഒപ്പ് വെപ്പിച്ചു. ആദ്യമായി നായകനായി അഭിനയിക്കുന്നതിന്റെ മാനസിക സമ്മർദംമൂലം കരാർ മുഴുവനായി വായിച്ചുനോക്കിയിരുന്നില്ല. അതിനുശേഷമാണ് അശ്ലീല ചിത്രമാണെന്നും അത്തരം സീനിൽ അഭിനയിക്കണമെന്നും സംവിധായിക പറയുന്നത്. വിസമ്മതം അറിയിച്ചപ്പോൾ കരാറിൽ ഒപ്പിട്ടതുപ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യ​പ്പെട്ടു.

ആളൊഴിഞ്ഞ പ്രദേശമായതിനാൽ അവിടെ നിന്ന് രക്ഷപ്പെടാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി കരഞ്ഞുകൊണ്ടാണ് ഷൂട്ടിങ്ങുമായി സഹകരിച്ചത്. ഇപ്പോൾ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ​പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതറിഞ്ഞതോടെ കുടുംബം കൈയൊഴിഞ്ഞതായും കൊച്ചിയിൽ സുഹൃത്തിന്റെ ഒറ്റമുറി ഫ്ലാറ്റിലാണ് ഇപ്പോൾ കഴിയുന്നതെന്നും യുവാവ് പറഞ്ഞു. എട്ടുവർഷമായി സീരിയൽ -സിനിമ മേഖലയിൽ പ്രവൃത്തിക്കുന്ന യുവാവാണ് സംഘത്തിന്റെ ചതിയിൽപെട്ടത്.

Post a Comment

أحدث أقدم
Join Our Whats App Group