Join News @ Iritty Whats App Group

'കോടിയേരിയ്ക്ക് കേരള ജനത അർഹിക്കുന്ന ആദരവ് നൽകി;നഷ്ടം കൂട്ടായ പ്രവർത്തനത്തിലൂടെ മറികടക്കും;' സിപിഎം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്‌ അര്‍ഹിക്കുന്ന ആദരവോടെയാണ്‌ കേരള ജനത അന്ത്യോപചാരമര്‍പ്പിച്ചതെന്ന് സിപിഎം. കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിലൂടെ ഉണ്ടായ വലിയ നഷ്ടം കൂട്ടായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് പാർട്ടി സ്നേഹിക്കുന്നവർക്ക് ഉറപ്പ് നൽകുന്നതായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രകുറിപ്പിൽ വ്യക്തമാക്കി. കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ രംഗങ്ങളില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നതായും സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ്‌ കോടിയേരി ബാലകൃഷ്ണന്‍റെ അന്ത്യമുണ്ടായത്‌. ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട്‌ തന്നെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ്‌ ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ചെന്നൈയിൽ നിന്ന്‌ തലശ്ശേരിയിലേക്കും, പിന്നീട്‌ കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തതെന്നും സിപിഎം വ്യക്തമാക്കുന്നു.

കോടിയേരിക്ക്‌ അന്ത്യയാത്ര നല്‍കുന്നതിന്‌ സംസ്ഥാനത്തും, പുറത്തുമുള്ള എല്ലാ വിഭാഗങ്ങളും എത്തിച്ചേരുകയുണ്ടായി. അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ്‌ തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്‌. തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരണങ്ങളോട്‌ സഹകരിക്കാന്‍ ജനങ്ങള്‍ സന്നദ്ധമായി എന്നതും ആ ആദരവിന്റെ ദൃഢതയാണ്‌ വ്യക്തമാക്കുന്നതെന്നും സിപിഎം പത്രകുറിപ്പിൽ പറഞ്ഞു.

അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ പാര്‍ടി പ്രവര്‍ത്തകരോടും, സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ വ്യക്തിത്വങ്ങളോടും, ബഹുജനങ്ങളോടും പാര്‍ടിക്കുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നതായും സിപിഎം പറഞ്ഞു. രോഗാവസ്ഥ കണ്ടുപിടിച്ചതോടെ ഏറ്റവും വിദഗ്‌ദമായ ചികിത്സ ലഭ്യമാക്കുന്നതിനാണ്‌ പാര്‍ടി പരിശ്രമിച്ചത്‌. തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുകയും ചെയ്‌തിരുന്നു. ഇതിനായി ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും അശ്രാന്തപരിശ്രമം തന്നെയാണ്‌ നടത്തിയത്‌. അതിനായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരോട്‌ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും സിപിഎം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group