Join News @ Iritty Whats App Group

'ഞങ്ങളുടെ കത്രികയല്ല യുവതിയുടെ വയറ്റിൽ കുടുങ്ങിയത്': വിശദീകരണവുമായി മെഡിക്കൽ കോളജ് ആശുപത്രി


കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് അധികൃതര്‍ പറയുന്നത്. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
ശസ്ത്രക്രിയാ ഉപകരണം യുവതി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേതാകാമെന്ന നിഗമനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. ഇക്കാര്യം ഉള്‍പ്പടെ പരിശോധിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മൂന്നംഗ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയാണ് അഞ്ചുവർഷം വയറ്റിനുള്ളിൽ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്. 30കാരിയുടെ മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചു തന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തിരുന്നു. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. 2017 നവംബർ 30നായിരുന്നു ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്.

പ്രസവശസ്ത്രക്രിയക്ക് ശേഷം ഹർഷിന അവശതയും വേദനയും അനുഭവിച്ചിരുന്നു. ഇതുകാരണം പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്. തുടർന്ന‌് സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. ഗൈനക്ക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക്കോളജിസ്റ്റ് ഡോ. സജല വിമൽരാജ്, യൂറോളജിസ്റ്റ് ഡോ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.

സംഭവത്തെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group