Join News @ Iritty Whats App Group

'ജനാഭിലാഷം പാലിക്കാനായില്ല', ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു



ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്‍ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ്ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട്‌ മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികൾ പ്രതിപക്ഷത്തുനിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി.

അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജിവെക്കാൻ നിര്‍ബന്ധിതയായി. ബ്രെവർമാന്‍റെ രാജിക്ക് തൊട്ടുമുമ്പായി ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസിൽ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണ്. സഭ കലുഷിതമായതിന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ചീഫ് വിപ്പ് വെൻഡി മോർട്ടനും രാജിവെച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.  

സ്ഥാനമൊഴിയാൻ നിർബന്ധിതയായ ഹോം സെക്രട്ടറി ബ്രെവർമാൻ ഇറങ്ങിപ്പോകും വഴി പ്രധാനമന്ത്രി ലിസ്ട്രസിന് നേരെ ചൊരിഞ്ഞത്, മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങളായിരുന്നു. ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമാണിത്.

Post a Comment

أحدث أقدم
Join Our Whats App Group