Join News @ Iritty Whats App Group

20 ഭാഷകളില്‍ നന്ദിപറഞ്ഞ് തരൂര്‍; യു.പിയിലെ വോട്ടെണ്ണല്‍ മാറ്റിവച്ചു


ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. 'നന്ദി' എന്ന് ഇരുപത് ഭാഷകളില്‍ ട്വീറ്റ് ചെയ്തതാണ് വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് തരൂര്‍ നന്ദി അറിയിച്ചത്.

അതിനിടെ, തരൂരിന്റെ പരാതി പരിഗണിച്ച് ഉത്തര്‍പ്രദേശ് പി.സി.സിയിലെ വോട്ട് എണ്ണുന്നത് തിരഞ്ഞെടുപ്പ് അതോറിറ്റി മാറ്റിവച്ചു. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായി എന്നും ബാലറ്റ് ബോക്‌സ് സീല്‍ ചെയ്തതില്‍ അപാകത ഉണ്ടെന്നുമാണ് തരൂര്‍ പക്ഷം പരാതി ഉന്നയിച്ചത്. യു.പിയിലെ ബാലറ്റ് പെട്ടി ഒഴിവാക്കി ബാക്കി 67 പെട്ടികളിലെ വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുക. 1238 വോട്ടുകളാണ് യു.പിയില്‍ രേഖപ്പെടുത്തിയത്.

തരൂരിന്റെ പരാതി അദ്ദേഹത്തിന്റെ ഏജന്റുമാര്‍ ഇന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലും ആവര്‍ത്തിച്ചു. എന്നാല്‍ സുഗമമായ വോട്ടെണ്ണലിനെ ബാധിക്കുന്ന വിധത്തില്‍ ഇടപെടില്ലെന്നും വരുംകാലങ്ങളില്‍ ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാനാണിതെന്ന് അദ്ദേഹത്തിന്റെ ഏജന്റുമാരില്‍ ഒരാളായ കാര്‍ത്തി ചിദംബരം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബാലറ്റുകളും കൂട്ടിക്കലര്‍ത്തി എണ്ണാനായിരുന്നു തീരുമാനം. ഓരോ സംസ്ഥാനത്തും ആര്‍ക്കാണ് കൂടുതല്‍ പിന്തുണ എന്നത് വ്യക്തമാകാതിരിക്കാനാണ് ഈ തീരുമാനം. യു.പിയിലെ വോട്ട് മാത്രം പ്രത്യേകം എണ്ണുന്നത് ചട്ടലംഘനമാണെന്നതിനാല്‍, മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് വന്‍ ഭൂരിപക്ഷം കിട്ടുന്ന സാഹചര്യം വന്നാല്‍, ഈ വോട്ടുകള്‍ എണ്ണിയേക്കില്ല.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തരൂര്‍ 1000ലേറെ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ജയിച്ചില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവച്ച തരൂര്‍ കോണ്‍ഗ്രസില്‍ അനിഷേധ്യ നേതാവായി ഉയരുമെന്ന് ഉറപ്പാണ്. സുപ്രധാന സ്ഥാനങ്ങളിലൊന്ന് തരൂരിന് ലഭിച്ചേക്കും.

വോട്ടെണ്ണലിന്റെ ഫലസൂചനകള്‍ ഒരു തരത്തിലും പുറത്തുപോകാതെ അതീവ രഹസ്യത്മകതയിലാണ് പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group