Join News @ Iritty Whats App Group

കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം: മണിച്ചന് ഒടുവില്‍ ജയില്‍ മോചനം, പിഴത്തുക ഒഴിവാക്കി സുപ്രീംകോടതി


കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസിലെ പ്രതി മണിച്ചന് ഒടുവില്‍ ജയില്‍ മോചനം. മണിച്ചന്റെ പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ നിര്‍ദ്ദേശം നല്‍കി. 30.45 ലക്ഷം രൂപ പിഴത്തുക കെട്ടിവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കോടതി ഒഴിവാക്കിയത്. മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ജീവപര്യന്തം ശിക്ഷയില്‍ ഇളവുനല്‍കി മണിച്ചനെ മോചിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും, ഈ പിഴ അടയ്ക്കാത്തതിനാലാണ് മോചനം വൈകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 31 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും, 266 പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ നേരിട്ടുവെന്നും, അഞ്ച് പേര്‍ക്ക് പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

മറ്റു രണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയില്‍ മോചിതരായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മോചനം. വിചാരണ കോടതിയുടെ ഉത്തരവുകള്‍ പ്രകാരം ഇരുവരും 8,30,000 രൂപ പിഴ അടയ്‌ക്കേണ്ടതായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഇരുവരും എട്ട് വര്‍ഷവും നാല് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമന്നും വിചാരണ കോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയുടെ അനൂകൂല്യത്തില്‍ ഇരുവര്‍ക്കും പിഴ അടയ്ക്കാതെ മോചനം സാധ്യമാകുക ആയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group